ബോളിവുഡിലെ രാജാവിനും റാണിക്കും ഒരേവര്‍ഷം ദേശീയ അവാര്‍ഡ് കിട്ടിയതിന്റെ ആഘോഷത്തിലാണ് ആരാധകര്‍. 33വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായാണ് ഷാറൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. 30വര്‍ഷത്തെ കരിയറില്‍ റാണി മുഖര്‍ജിയുടെയും ആദ്യ ദേശീയ അവാര്‍ഡാണിത്.
ബോളിവുഡിന്റെ എക്കാലത്തെയും മികച്ച പ്രണയ ഹിറ്റ് ജോഡിയായ ഷാറൂഖും റാണിയും ദേശീയ അവാര്‍ഡിലും ഒരുമിച്ചു. 14ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം എട്ടുതവണ നേടിയെങ്കിലും കിങ് ഖാന് ദേശീയ അവാര്‍ഡിനായി 2025വരെ കാത്തിരിക്കേണ്ടി വന്നു.
1992ല്‍ ദീവാനയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ഷാറൂഖ് ഖാന്‍ ബാസിഗറിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ ചക്രവര്‍ത്തി പദത്തിലേക്ക് ചുവട് വച്ചു. 1995ലെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗയിലൂടെ ആരാധക ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി. 2023ല്‍ പത്താന്‍,ഡങ്കി,ജവാന്‍ ഈ സിനിമകളിലൂടെ കലക്ഷനില്‍ റെക്കോര്‍ഡ് തീര്‍ത്തു.‘ജവാനി’ലെ ആക്ഷന്‍ സീനുകളിലൂടെ ലഭിച്ച ഭരത് അവാര്‍ഡ് വൈകിപ്പോയെന്നാണ് ആരാധകപക്ഷം. ദേവദാസും മൈ നെയിം ഈ ഖാനും ചക് ദേയും സ്വദേശും ഭാവാഭിനയത്തിന്റെ തിരമാലകള്‍ തീര്‍ത്തത് ആരാധകര്‍ ഓര്‍ത്തെടുത്തു.
‘കിങ് സിനിമയുടെ ഷൂട്ടിങ്ങിനിടെ കൈക്ക് പരുക്കേറ്റ ഷാറൂഖ് ഖാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. എങ്കിലും തന്റെ സിഗ്നേച്ചര്‍ പോസിലൂടെ ആരാധകരെ ആനന്ദിപ്പിക്കാന്‍ ഷാറൂഖ് മറന്നില്ല. മിസിസ് ചാറ്റര്‍ജി വേസസ് നോര്‍വേ എന്ന സിനിമിയില്‍ റാണി മുഖര്‍ജി ജീവിക്കുകയായിരുന്നു എന്ന് പറയാം.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ വിദേശത്തെ നിയമവ്യവസ്ഥയോടുള്ള പോരാട്ടാമായിരുന്നു. 1996ല്‍ ബംഗാളി സിനിമയിലൂടെയാണ് റാണി അഭ്രപാളിയിലെത്തിയത്. എട്ടുതവണ ഫിലം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുള്ള റാണിയുടെ ഹിറ്റ് ചിത്രങ്ങള്‍ അധികവും ഷാറൂഖ് ഖാനോടൊപ്പമായിരുന്നു.