വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക. ഇതിന് പിന്നാലെ യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. യുവതിയുടെ വീട്ടില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്നും അഭിഭാഷക വെളിപ്പെടുത്തി.
പരാതി ഉന്നയിച്ചതുമുതല്‍ വിഷമകരമായ മാനസികാവസ്ഥയിലൂടെയാണ് പരാതിക്കാരി കടന്നുപോകുന്നതെന്നും രണ്ട് ദിവസമായി നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വരുകയും ചിലര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്നുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി. പരാതിയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് ഭീഷണികള്‍ വന്നത്. വേടന്‍റെ രാഷ്ട്രീയത്തിനോ ആശയങ്ങള്‍ക്കോ എതിരെയല്ല അതിജീവിത പരാതി ഉന്നയിച്ചത്. മറിച്ച് വ്യക്തിപരമായി അവര്‍ക്ക് നേരിട്ട ദുരനുഭവത്തിന് എതിരെയാണ്. അവരുടെ സ്വകാര്യതയെ മാനിക്കണം, അഭിഭാഷക പറയുന്നു.
യുവ ഡോക്ടറാണ് തൃക്കാക്കര പൊലീസില്‍ വേടനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ വേടനെതിരെ കേസെടുത്തിട്ടുണ്ട്. യുവ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2021 മുതൽ 2023 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. 2023 മെയിൽ താൻ ടോക്സിക്കാണെന്ന് പറഞ്ഞ് ഒഴിവാക്കി. വേടന്റെ പ്രതികരണമാണ് പരാതി നൽകാൻ കാരണം. തന്റെ ആദ്യ പ്രണയമെന്ന് പറഞ്ഞ് വേടനിട്ട പോസ്റ്റ് പരാതി നൽകാൻ പ്രേരിപ്പിച്ചു. പലപ്പോഴായി വേടന് പണം നൽകിയിട്ടുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.