Image Credit : https://x.com/FlorenceGuite_/status/2012561715486163053/photo/1
മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ 20കാരി മരിച്ചു. ഗുവാഹത്തിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഗുരുതരമായ പരുക്കുകളും മാനസിക സംഘര്‍ഷങ്ങളും രണ്ട് വര്‍ഷത്തോളം അനുഭവിച്ച ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. 2023 മെയ് മാസത്തിലായിരുന്നു കുക്കി വിഭാഗത്തില്‍പ്പെട്ട യുവതി ക്രൂര ബലാല്‍സംഗത്തിന് ഇരയായത്.
മണിപ്പൂരില്‍ കുക്കി മെയ്തെയ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സംഘര്‍ഷങ്ങള്‍ നിലനിന്ന സമയത്ത് നിരവധി പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ക്രൂര പീഡനത്തിന് ഇരയായത്. പീഡിപ്പിച്ച ശേഷം മര്‍ദിച്ച് രണ്ടുപെണ്‍കുട്ടികളെ വിവസ്ത്രരാക്കി നടത്തിക്കൊണ്ടുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഇംഫാലിലെ ന്യൂ ചെക്കോന്‍ കോളനിയിലായിരുന്ന യുവതി എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ പോയപ്പോഴാണ് ആയുധധാരികളായ മെയ്തെയ് വിഭാഗക്കാര്‍ വന്ന് ഇവരെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് ഇവരെ കൈമാറ്റം ചെയ്യുകയും പലയിടങ്ങളില്‍ വച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്ന് ബിഷ്ണുപൂരില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഗുരുതര പരുക്കുകളോടെ അവിടെ നിന്നും ഓടിയ യുവതി ചെന്നെത്തിയത് പച്ചക്കറിയുമായി പോകുകയായിരുന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് മുന്നിലായിരുന്നു. ആ ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെയാണ് സ്വന്തം വീട്ടിലേക്ക് യുവതി എത്തപ്പെട്ടത്. ഉടന്‍ തന്നെ യുവതി ആശുപത്രിയില്‍ ചികില്‍സ തേടി. യുവതിയുടെ ശരീരത്തിൽ ഗര്‍ഭപാത്രത്തിലും ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. വെറും 18 വയസ് മാത്രം പ്രായമുളളപ്പോഴാണ് ഈ സംഭവം നടന്നത്.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 2023 ജൂലൈ 22ന് കേസ് സിബിഐക്ക് കൈമാറി. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല. ആശുപത്രിയില്‍ പ്രാണവേദന അനുഭവിച്ച് 2 വര്‍ഷത്തോളം മരണത്തോട് മല്ലടിച്ച് കഴിച്ചുകൂട്ടിയെങ്കിലും ഒടുവില്‍ യുവതി മരണത്തിന് കീഴടങ്ങി. സംഭവം നടന്ന് 2 വര്‍ഷം പിന്നിട്ടിട്ടും പ്രതികളിലൊരാളെ പോലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം യുവതിയുടെ മരണശേഷം മണിപ്പുരില്‍ വിവിധയിടങ്ങളില്‍ മെഴുകുതിരി കത്തിച്ച് അനുസ്മരണ പരിപാടികള്‍ നടന്നു.