Image Credit: https://www.facebook.com/lenprasad/Facebook
പ്രേക്ഷകര്‍ക്ക് തന്നെ 'മടുത്തു' കഴിയുമ്പോൾ അഭിനയം നിര്‍ത്തുമെന്ന് നടന്‍ ഫഹദ് ഫാസില്‍. ശേഷം ബാഴ്സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ദ് ഹോളിവുഡ് റിപ്പോര്‍ട്ടറി'ന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയശേഷമുളള ജീവിതത്തെ കുറിച്ച് ഫഹദ് വാചാലനായത്. ആളുകളെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് എത്തിക്കുന്നതിന്‍റെ സന്തോഷം വളരെ വലുതാണെന്നും ഫഹദ് പറഞ്ഞു.
ബാഴ്സലോണയിലെ ഊബര്‍ ജോലിയെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടോ എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. തീര്‍ച്ചയായും എന്നായിരുന്നു ഫഹദ് നല്‍കിയ മറുപടി. ഫഹദിന്‍റെ വാക്കുകള്‍ ഇങ്ങനെ..കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാനും നസ്രിയയും ബാഴ്സലോണയിലുണ്ടായിരുന്നു. സിനിമയിൽ ആളുകൾക്ക് എന്നെ മടുത്തുകഴിയുമ്പോള്‍ മാത്രമേ അങ്ങനെയൊന്ന് സംഭവിക്കുകയുളളൂ. തമാശയെല്ലാം മാറ്റിവച്ച് പറയുകയാണെങ്കില്‍ ആളുകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് (അവര്‍ക്ക് എത്തേണ്ടിടത്ത്) എത്തിച്ചുനല്‍കുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. മറ്റൊരാളുടെ ലക്ഷ്യത്തിന് സാക്ഷിയാകുക എന്നത് മനോഹരമായ കാര്യമാണ്. വണ്ടി ഓടിക്കാനുളള അവസരമൊന്നും ഞാന്‍ പാഴാക്കാറില്ല. എനിക്ക് ഡ്രൈവിങ് ഇഷ്ടമാണ്. ഞാന്‍ ഏറ്റവുമികം ആസ്വദിക്കുന്ന ഒന്നും ഡ്രൈവിങ് ആണ്. ഞാന്‍ എനിക്കായി കണ്ടെത്തുന്ന സമയം കൂടിയാണത്. ഡ്രൈവിംങ് മാത്രമല്ല, ഗെയിമുകൾ, സ്പോർട്സ് , ടിവി തുടങ്ങി നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിരന്തരം ഏർപ്പെടണം. അത് നിങ്ങളുടെ ചിന്താഗതിയെയും കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയെയും സ്വാധീനിക്കുമെന്നും ഫഹദ് പറഞ്ഞു.
അതേസമയം തമിഴില്‍ വടിവേലുവിനൊപ്പം അഭിനയിച്ച മാരീസനാണ് ഫഹദിന്‍റെ ഏറ്റവും പുതിയ ചിത്രം. റിലീസിന് മുന്നോടിയായി തമിഴ്‌നാട്ടിൽ നടന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ഉലകനായകന്‍ കമല്‍ഹാസന്‍ വരെ മാരീസന്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘മാരീസൻ’ എന്നാണ് കമൽ ഹാസൻ അഭിപ്രായപ്പെട്ടത്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് വി. കൃഷ്ണമൂർത്തിയാണ്.