Image:X, @imgokulramasamy

TOPICS COVERED

ജിടിഫോര്‍ യൂറോപ്യന്‍ സീരീസ് മത്സരത്തിനിടെ തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇറ്റലിയിലെ മിസാനോ വേള്‍ഡ് സര്‍ക്യൂട്ടില്‍ നടന്ന കാറോട്ടമത്സരത്തിനിടെയാണ് സംഭവം. രണ്ടാം റൗണ്ടിനിടെയാണ് മറ്റൊരു മത്സരാര്‍ത്ഥിയുടെ വാഹനവുമായി അജിത്തിന്റെ കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ താരം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടി വന്നു. 

അപകടത്തിനു പിന്നാലെ ട്രാക്കിലുണ്ടായ അവശിഷ്ടങ്ങള്‍ നീക്കാനായി മാര്‍ഷലുകളെ സഹായിക്കുന്ന തല അജിതിന്റെ വിഡിയോ റേസിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു. പ്രഫഷണല്‍ ഡ്രൈവര്‍മാരാരും ചെയ്യാത്തൊരു കാര്യമാണിതെന്ന് കമന്റേറ്റര്‍ വിളിച്ചുപറയുന്നുണ്ട്. ‘അജിത് കുമാര്‍ കാറില്‍നിന്നും ഇറങ്ങി, മത്സരത്തില്‍ നിന്നും പുറത്തായി. ഈ സീസണില്‍ അദ്ദേഹത്തിന് സംഭവിച്ച ആദ്യ അപകടമാണിത്. മികച്ചൊരു ചാമ്പ്യനാണ് അജിത്, അവശിഷ്ടങ്ങള്‍ നീക്കാന്‍ മാര്‍ഷലുകളെ സഹായിക്കാനായി പോവുന്നു. എല്ലാ ഡ്രൈവര്‍മാരും ചെയ്യാത്തൊരു കാര്യം’ ഇങ്ങനെയായിരുന്നു അജിതിനെ അഭിനന്ദിച്ച കമന്ററിവാക്കുകള്‍. 

താരത്തിന്റെ അപകടത്തിനു ശേഷമുള്ള പ്രവ‍ൃത്തി സോഷ്യല്‍മീഡിയകളിലും വൈറലായി. മത്സരത്തില്‍ നിന്നും പുറത്തായിട്ടുപോലും വാഹനഭാഗങ്ങള്‍ നീക്കാനായിരുന്നു അജിത് ശ്രമിച്ചത്. 2003 മുതൽ റേസിംഗ് മേഖലയിലുണ്ടായിരുന്ന അജിത്ത് 2010ലെ ഫോർമുല 2 ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. സിനിമയും പ്രൊഫഷണൽ റേസിംഗും ഒരേസമയം വിജയകരമായി നയിക്കുന്ന അപൂർവ ഇന്ത്യൻ താരങ്ങളിലൊരാളാണ് തല അജിത്. 

ഈ രണ്ടു മേഖലകളിലേയും സംഭാവനകള്‍ പരിഗണിച്ച് പദ്മഭൂഷണ്‍ പുരസ്കാരം നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലിയാണ് ഈ വര്‍ഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന സിനിമ. ഈ ചിത്രത്തിന്റെ സംവിധായകന്‍ ആദിക് രവിചന്ദ്രനുമായി ചേര്‍ന്നാണ് അടുത്ത പ്രോജക്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. 

ENGLISH SUMMARY:

Tamil superstar Ajith Kumar’s car crashed during the GT4 European Series race. The incident occurred at the Misano World Circuit in Italy. During the second round of the race, Ajith’s car collided with another competitor's vehicle. Though the actor escaped unhurt, he was forced to withdraw from the remaining races.