Image Credit: instagram.com/ dhanushkraja, mrunalthakur
നടന്‍ ധനുഷും മൃണാള്‍ ഠാക്കൂറും വിവാഹിതരാകുമെന്ന് അഭ്യൂഹം. ഈ വര്‍ഷത്തെ പ്രണയദിനത്തില്‍ ഇരുവരും വിവാഹിതരാകും എന്നാണ് ചലചിത്രരംഗത്തെ ഇടനാഴികളില്‍ പരക്കുന്ന വാര്‍ത്ത. സംഭവം ആരാധകരുടെ ശ്രദ്ധ േനടിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇതാദ്യമായല്ല ഇരുവരുടെയും ബന്ധത്തെ പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നത്. ധനുഷും മൃണാളും ഒന്നിച്ച് വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ തുടങ്ങിയത്.
സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്‍റെ പ്രീമിയര്‍ ഷോയ്ക്കിടെയുള്ള ഇരുവരും ഒന്നിച്ചുള്ള വിഡിയോ പ്രചരിച്ചിരുന്നു. ധനുഷും മൃണാളും അടുത്തുവെന്നും പ്രണയത്തിലാണെന്നും പിന്നാലെ വാര്‍ത്തകളുണ്ടായി. എന്നാല്‍ അഭ്യൂഹങ്ങള്‍ തള്ളി മൃണാള്‍ ഠാക്കൂര്‍ രംഗത്തെത്തി. ധനുഷുമായുള്ളത് അടുത്ത സുഹൃദ് ബന്ധമാണെന്നും ചടങ്ങിനെത്തിയത് ചിത്രത്തിലെ സഹതാരം അജയ് ദേവ്‍ഗണ്‍ ക്ഷണിച്ചിട്ടാണെന്നും മൃണാള്‍ വിശദീകരിച്ചു. ഇതോടെ അന്നത്തെ അഭ്യൂഹങ്ങളും അവസാനിച്ചു.
വിവാഹം സംബന്ധിച്ച അവകാശവാദങ്ങളാണ് ഇരുവരെയും വീണ്ടും വാര്‍ത്തകളിലെത്തിച്ചത്. ഫെബ്രുവരി 14 ന് പ്രണയ ദിനത്തില്‍ വിവാഹം നടക്കുമെന്നും കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഇതെന്നുമാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ ധനുഷോ മൃണാളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹകാര്യങ്ങള്‍ തെറ്റാണെന്ന് ധനുഷിന്‍റെ കുടുംബാങ്ങള്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
ധനുഷ് ചിത്രമായ തേരേ ഇഷ്ക് മേമിന്‍റെ ചടങ്ങിനെത്തിയ മൃണാളിന്‍റെ ദൃശ്യങ്ങളും ആരാധക ശ്രദ്ധ നേടിയിരുന്നു. ധനുഷിന്‍റെ സഹോദരിമാരായ ഡോ. കാര്‍ത്തിക കാര്‍ത്തിക്, വിമല ഗീത എന്നിവരെ മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. അതേസമയം, വിവാദങ്ങള്‍ക്കിടയിലും ഇരുവരും പ്രൊഫഷണല്‍ രംഗത്ത് ശ്രദ്ധേയമായ ചിത്രങ്ങളുടെ പിന്നാലെയാണ്.
തമിഴിലും ഹിന്ദിയിലും സാധ്യതയുള്ള നിരവധി പ്രോജക്ടുകൾ ധനുഷിന്‍റേതായി 2026 ല്‍ വരുന്നുണ്ട്. മൃണാള്‍ ഭാഗമാകുന്ന ഡാക്കോയിറ്റ്: എ ലവ് സ്റ്റോറി പോലുള്ള ചിത്രങ്ങളും നിരവധി റൊമാന്റിക് ചിത്രങ്ങളും ഈ വര്‍ഷം റിലീസിനെത്തുന്നുണ്ട്.
2004 ല്‍ തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യയുമായി ധനുഷിന്‍റെ വിവാഹം നടന്നിരുന്നെങ്കിലും 2024 ല്‍ ഇരുവരും പിരിഞ്ഞു. ധനുഷ്– ഐശ്വര്യ ദമ്പതികള്‍ക്ക് രണ്ട് ആൺമക്കളുണ്ട്. മഹാരാഷ്ട്രയിലെ ധുലെയിൽ മറാഠി കുടുംബത്തില്‍ ജനിച്ച മൃണാൾ ഠാക്കൂര്‍ മറാഠി- ഹിന്ദി സിനിമകളിലൂടെയാണ് ചലചിത്ര രംഗത്തെത്തുന്നത്. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലൂടെയാണ് മൃണാള്‍ പാൻ- ഇന്ത്യൻ ശ്രദ്ധനേടുന്നത്.