സൂപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും നീണ്ട 47 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. 'KHxRK' എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിൽ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ വരവറിയിച്ച് യാര് ഹീറോ എന്ന പ്രൊമോ വിഡിയോ പുറത്തിറങ്ങി.
1979-ൽ പുറത്തിറങ്ങിയ 'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന ചിത്രത്തിലാണ് രജനി - കമൽ കോംബോ അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തിയത്. ഏകദേശം അരനൂറ്റാണ്ടിന് ശേഷം വീണ്ടും ഇവർ ഒന്നിക്കുമ്പോൾ 'ജയിലർ' എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ ആണ് സംവിധായകനാവുക. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.
ഇന്ത്യൻ സിനിമയിലെ വൈകാരികവും ചരിത്രപരവുമായ നിമിഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് റെഡ് ജയന്‍റ് നിർമ്മാണ കമ്പനി പ്രതികരിച്ചു. സിനിമയുടെ കൂടുതൽ വിവരങ്ങളും ഔദ്യോഗിക നാമവും വരും ദിവസങ്ങളിൽ പുറത്തുവരും.