പരാശക്തിയുടെ പ്രമോഷനായി എറണാകുളം സെന്‍റ് തെരേസാസിലെത്തിയ തെലുങ്ക് സൂപ്പര്‍താരം ശ്രീലിലയ്ക്ക് വന്‍ ട്രോള്‍. കോളജ് വിദ്യാര്‍ഥികളോട് സംസാരിക്കുന്നതിനിടെ, ഇവിടെ എത്ര ഡോക്ടര്‍മാരുണ്ടെന്നായിരുന്നു താരത്തിന്‍റെ ചോദ്യം. കുട്ടികള്‍ ആര്‍ത്തുചിരിക്കാന്‍ തുടങ്ങിയതോടെ അമളി പിണഞ്ഞോയെന്ന് താരത്തിന് സംശയമായി. ഉടന്‍ തന്നെ സ്റ്റേജിലിരുന്ന സഹതാരങ്ങളായ ശിവ കാര്‍ത്തികേയനും രവി മോഹനും ഇത് ആര്‍ട്സ് കോളജാണെന്ന് പറയുകയായിരുന്നു. പിന്നാലെ കൂട്ടച്ചിരിയും ഉയര്‍ന്നു.
മൂവീ മാന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. രവി മോഹന്‍ പറഞ്ഞത് പോലെ 'ശ്രീലിലയൊരു കുട്ടി തന്നെ' എന്നായിരുന്നു വിഡിയോയ്ക്ക് ചുവടെ ഒരാളുടെ കമന്‍റ്. 'ആര്‍ട്സ് & സയന്‍സ് കോളജിലാണ് എത്തിയതെന്ന് പോലും അറിയില്ല, എന്ത് നിഷ്കളങ്ക' എന്ന് മറ്റൊരാളും കുറിച്ചു. 'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍... ' എന്ന വിഖ്യാത ഡയലോഗും വിഡിയോയ്ക്ക് ചുവടെ ചിലര്‍ കുറിച്ചിട്ടുണ്ട്. 'മലയാളം അറിയാത്തത് കൊണ്ടല്ലേ.. വിട്ടേക്ക്' എന്നായിരുന്നു വേറെയൊരു കമന്‍റ്.
2021 ബെംഗളൂരുവിലെ എം.എസ്.രാമയ്യ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്രീലില അഭിനയ രംഗത്ത് സജീവമായത്. 'കിസ്' എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. താരത്തിന്‍റെ അമ്മ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ്. ശ്രീലിലയുടെ ആദ്യ തമിഴ് ചിത്രമാണിത്.
അതേസമയം, പൊങ്കല്‍ റിലീസായി ഇറങ്ങേണ്ട 'പരാശക്തി'ക്ക് ഇതുവരെയും സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഇനിയും വൈകിയാല്‍ പരാശക്തിയുടെയും റിലീസ് മാറ്റി വയ്ക്കേണ്ടിവരും. 23 തിരുത്തലുകളാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് വരുത്തിയ ശേഷം ചിത്രം ഇന്നലെ വീണ്ടും ബോര്‍ഡ് കണ്ടിരുന്നു.സുധാ കൊങ്കരയാണ് പരാശക്തിയുടെ സംവിധായിക. ശിവകാര്‍ത്തികേയന്‍ മുഖ്യവേഷത്തിലെത്തുന്ന പിരീഡ് ആക്ഷന്‍ ഡ്രാമയാണിത്. അഥര്‍വയും ശിവകാര്‍ത്തികേയനും സഹോദരന്‍മാരായാണ് സിനിമയില്‍. ജയം രവിയാണ് വില്ലന്‍ വേഷത്തില്‍.
പരാശക്തിയുടെ ഓഡിയോ ലോഞ്ചിനിടെ തനിക്ക് മുന്‍പ് നേരിട്ട സൈബര്‍ ആക്രമണത്തെ കുറിച്ച് നടന്‍ ശിവകാര്‍ത്തികേയന്‍ തുറന്ന് പറഞ്ഞിരുന്നു. പെയ്ഡ് ആയ സൈബര്‍ ആക്രമണം ആണ് തനിക്ക് നേരെ ഉണ്ടായതെന്നും കുടുംബത്തെ അത് വല്ലാതെ ബാധിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.