TOPICS COVERED

മൊബൈല്‍ ക്യാമറയുമായി താരങ്ങളെ പിന്തുടരുന്ന യൂട്യൂബര്‍ക്ക് അതേ നാണയത്തില്‍ പണികൊടുത്ത് നടന്‍ സാബുമോന്‍ അബ്ദുസമദ്. സ്വന്തം ക്യാമറയില്‍ യൂട്യൂബര്‍മാരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാബുമോന്‍ ഫെയ്സ്ബുക്ക് പേജില്‍ വിഡിയോ പങ്കുവച്ചു. പാപ്പരാസികള്‍ എന്നാണ് വിഡിയോയില്‍ യൂ ട്യൂബര്‍മാരെ സാബുമോന്‍ വിളിക്കുന്നത്. 

ഒരു വിവാഹ ചടങ്ങളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സാബുമോന്‍ വിഡിയോ ചിത്രീകരിക്കുന്നതോടെ പലരും മുഖം മറച്ച് ക്യാമറ ഒഴിവാക്കി മാറുന്നുണ്ട്. 'ഇവന്മാരെ ഇപ്പോഴെ കാണാന്‍ കിട്ടൂള്ളൂ. നിന്‍റെ മുഖം എടുക്കട്ടെ.. നിങ്ങളയൊക്കെ ഇപ്പഴോ ഒരുമിച്ച് കിട്ടുകയുള്ളൂ' എന്നു പറഞ്ഞാണ് സാബുമോന്‍ വിഡിയോ ചിത്രീകരിക്കുന്നത്. ഇതിനിടയില്‍ ഒരു സ്ത്രീ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ ഓടുന്നതും വിഡിയോയില്‍ കാണാം. 

'ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ പാവങ്ങളല്ലേ, പിന്നെ എന്തിനാണ് വിഡിയോ എടുക്കുന്നത്' എന്നാണ് ഇവരുടെ ചോദ്യം. നിങ്ങള്‍ പാപ്പരാസിയാണ്. അവരും സെലിബ്രറ്റിയാണ് എന്നാണ് സാബുമോന്‍ ഇതിന് മറുപടി പറയുന്നത്. മുഖം പൊത്തി ഒളിക്കുന്നൊരു സ്ത്രീയോട് 'ഏതോ കേസിലെ പ്രതിയാണ് മുഖം വെളിയില്‍ വന്നാല്‍ അകത്താണ്' എന്നും സാബുമോന്‍ തമാശയോടെ പറയുന്നുണ്ട്. 

നീലക്കുയില്‍ എന്ന യൂട്യൂബറോട് 'എന്‍റെ ലോആംഗിളെടുക്ക്' എന്നാണ് സാബുമോന്‍ പറയുന്നത്. ഒരു യൂട്യൂബറെ വിളിച്ച് നീയാണോ നീലക്കുയില്‍ എന്നാണ് സാബുമോന്‍ ചോദിക്കുന്നുണ്ട്. ബ്ലൂഫിലിം എന്ന് കേട്ടിട്ടുണ്ട്. നീലക്കുയില്‍ എന്ന് ആദ്യമായാണ് എന്നും സാബു പറയുന്നു. വിഡിയോ കാണാറുണ്ടോ എന്ന യൂട്യൂബറുടെ ചോദ്യത്തിന്, വിവാദങ്ങളുണ്ടാകുമ്പോള്‍ കാണാറുണ്ടെന്നും എന്‍റെ  ലോ ആംഗിളെടുക്ക്  എന്നുമാണ് മറുപടി. 

വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ യൂട്യൂബേഴ്സിനെ സാബുമോന്‍ വിമര്‍ശിക്കുന്നുണ്ട്. കയ്യിലുള്ള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും, പറഞ്ഞതും പറയാത്തതും എല്ലാം ചേർത്ത് കൊടുക്കും. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കും. അത് ഞങ്ങളുടെ സ്വാതന്ത്ര്യം ആണെന്ന് പറയുന്ന പാരലൽ വേൾഡിലെ മാധ്യമ സിങ്കങ്ങൾ. ഫോൺ ഒരണ്ണം അവരുടെ നേർക്ക് തിരിഞ്ഞപ്പോൾ മുഖം പോത്തിയും, മറച്ചും, മുഖം മൂടി അണിഞ്ഞും, ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.