ആക്സിയം 4 ദൗത്യസംഘത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് നടി ലെന. വിമാനത്തിൽ നിന്നിറങ്ങി വരുന്ന സഹപ്രവർത്തകരെ സന്തോഷത്താൽ ആലിംഗനം ചെയ്യുന്ന പ്രശാന്തിനെ വിഡിയോയിൽ കാണാം. ബഹിരാകാശത്തുനിന്ന് മടങ്ങിവന്ന ശുഭാംശു ശുക്ലയ്ക്കും മറ്റു യാത്രികർക്കുമൊപ്പമുള്ള പ്രശാന്തിന്റെ ചിത്രങ്ങളടങ്ങുന്ന വിഡിയോയാണ് ലെന പങ്കുവച്ചത്.
ദേശീയ പതാകയ്‌ക്കൊപ്പമാണ് ഇന്ത്യയിൽ നിന്ന് ആക്‌സിയം ദൗത്യത്തിലുണ്ടായിരുന്ന ശുഭാംശു ശുക്ലയെ സഹപ്രവർത്തകർ തിരികെ വരവേറ്റത്. ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആക്സിയം 4 ദൗത്യത്തിന്റെ ബാക്ക്അപ് പൈലറ്റ് ആയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ശുഭാംശു ശുക്ലയ്ക്ക് യാത്ര സാധിക്കാതായാൽ ഇദ്ദേഹമായിരുന്നു പകരക്കാരൻ ആകേണ്ടിയിരുന്നത്.