ദിയ കൃഷ്ണയുടെ പ്രസവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി തുടരുകയാണ്. പിന്നാലെ ആരോഗ്യകരമായ ചര്‍ച്ചകളുമുണ്ടായി. പ്രസവത്തിലെ സങ്കീര്‍ണതകളും ആ സമയത്ത് അമ്മയോടൊപ്പം പങ്കാളി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകേണ്ടതിന്‍റേയും പ്രാധാന്യത്തെ പറ്റിയും പല പോസ്റ്റുകളും വൈറലായി.
ഇപ്പോള്‍ വിഷയത്തെ പറ്റി കൂടുതല്‍ സംസാരിക്കുകയാണ് കൃഷ്ണകുമാര്‍. മകൾ അത്യധികം വേദനയിലും ടെൻഷനിലും ആയിരുന്നെങ്കിലും കുടുംബാംഗങ്ങളും സ്നേഹമുള്ള ആശുപത്രി ജീവനക്കാരും ഉള്ളതുകൊണ്ട് സുഖപ്രസവം പേരുപോലെ തന്നെ സുഖമുള്ള ഒരു പ്രക്രിയയായി മാറി എന്ന് കൃഷ്ണകുമാർ പറഞ്ഞു. സർക്കാർ ആശുപത്രികളിലോ മറ്റു പ്രൈവറ്റ് ആശുപത്രികളിലോ പ്രസവിക്കുന്നവർക്ക് ഈ ഭാഗ്യം ഉണ്ടാകണം എന്നില്ലെന്നും യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
'സർക്കാർ ആശുപത്രികളിലോ മറ്റു പ്രൈവറ്റ് ആശുപത്രികളിലോ പ്രസവിക്കുന്നവർക്ക് ഈ ഭാഗ്യം ഉണ്ടാകണം എന്നില്ല. പക്ഷേ മകൾക്ക് കിട്ടിയ ഈ സൗകര്യങ്ങൾ ഇനി പ്രസവിക്കുന്ന പെൺകുട്ടികൾക്ക് ഉണ്ടാകണം. അതിനായി നിയമനിർമാണം പോലും നടത്താൻ വേണ്ടി പ്രയത്നിക്കും. യൂട്യൂബിൽ 70 ലക്ഷത്തിൽ പരം ആളുകൾ വിഡിയോ കണ്ടു പങ്കുവച്ച കമന്റുകളിൽ ഭൂരിഭാഗവും നല്ല കമന്റുകൾ ആയിരുന്നു. ചില കമന്റുകൾ കണ്ടു കണ്ണുനിറഞ്ഞു പോയി. അതുകൊണ്ടുതന്നെയാണ് ഏറ്റവും അപകടം പിടിച്ച പ്രസവം എന്ന പ്രക്രിയയെപ്പറ്റി ഒരു പ്രോജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കാനും പ്രസവസമയത്ത് ഗർഭിണിക്ക് കൂടുതൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ വേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ തീരുമാനിച്ചതും.
ഓസി അന്ന് ഭയത്തിൽ ആയിരുന്നു, വേദനയിലും പ്രഷറിലും ആയിരുന്നു. പക്ഷെ ഒരു കുഞ്ഞ് വരാൻ പോകുന്നു എന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എങ്കിലും സമാധാനിപ്പിക്കാൻ ഭർത്താവും മാതാപിതാക്കളും സഹോദരിമാരും ഉണ്ടായിരുന്നു. ഒപ്പം ദൈവ തുല്യരായ ഡോക്ടറും നുഴ്സ്മാരും ഉണ്ടായിരുന്നു. അതുകൊണ്ട് വേദന ഉണ്ടെങ്കിലും സുഖപ്രസവം എന്ന പ്രക്രിയ സുഖകരമായി നടന്നു. ഇതൊരു ഭാഗ്യം എന്ന് ഞാൻ പറയില്ല പക്ഷേ അനുഗ്രഹമാണ്. ഇത്തരം അനുഗ്രഹങ്ങൾ എത്രപേർക്ക് മുൻപ് കിട്ടിയിട്ടുണ്ടെന്നും കിട്ടുന്നുണ്ടെന്നും അറിയില്ല. പക്ഷേ എല്ലാ അമ്മമാർക്കും ഇത്തരം അനുഗ്രഹം ഉണ്ടാകട്ടെ എന്ന് മനസ്സുനിറഞ്ഞ് പ്രാർത്ഥിക്കുന്നു.
ആശുപത്രിയിൽ നിന്നപ്പോൾ എനിക്ക് തോന്നിയത് മനസുരുകിയ പ്രാർത്ഥന ആരാധനാലങ്ങളിൽ ഉള്ളതിനേക്കാൾ ആശുപത്രി മുറികളിലും വരാന്തകളിലും ആയിരിക്കും എന്നാണ്. കുഞ്ഞ് വന്നു കഴിഞ്ഞപ്പോൾ ഒന്നടങ്കം സന്തോഷമായിരുന്നു എല്ലാവരും എല്ലവരിലും ആ സന്തോഷം പകരുന്നത് കണ്ടു. ഞങ്ങൾക്ക് എവിടെ നിന്നാണ് ഈ അനുഗ്രഹം വന്നത് എന്നറിയില്ല. കുറച്ചു നാളുകൾക്ക് മുൻപ് ഞങ്ങളുടെ കുടുംബത്തിൽ ഒരു സംഭവം നടന്നപ്പോൾ ലക്ഷക്കണക്കിന് ആളുകൾ ഞങ്ങൾക്കായി പ്രാർത്ഥിച്ചു. അതൊരു അനുഗ്രഹമായി ഞങ്ങളിലേക്ക് വന്നു,' കൃഷ്ണകുമാര്‍ പറഞ്ഞു.