pr

സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. സംഘടന പിടിക്കാൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.കൃഷ്ണകുമാർ സ്ഥാനാർഥിപ്പട്ടിക ഏകപക്ഷീയമായി തയാറാക്കിയെന്നാരോപിച്ച് മുൻ നഗരസഭ അധ്യക്ഷ പ്രമീളാ ശശിധരൻ രംഗത്തെത്തി. ഒന്നും പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു സി.കൃഷ്ണകുമാറിന്‍റെ മറുപടി 

പാലക്കാട് നഗരസഭയിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രമീള ശശിധരന്‍റെ വിമർശനം. സി. കൃഷ്ണകുമാർ വിഭാഗം പാർട്ടിയെ പിടിച്ചെടുക്കാൻ ശ്രമിക്കുന്നെന്ന് പ്രമീള പറഞ്ഞു വെച്ചു. സ്വന്തം വാർഡിൽ മത്സരിക്കുന്നതാരെന്ന് പോലും തന്നോട് പറഞ്ഞില്ല. കൺവെൻഷൻ അറിയിച്ചില്ലെന്നും, തന്നെ പല പരിപാടികളിൽ നിന്നും മാറ്റി നിർത്തിയെന്നും ക്രൂശിക്കപ്പെട്ടെന്നും പ്രമീള പറഞ്ഞു. സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു.

 വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു സി.കൃഷ്ണകുമാറിന്റെ പ്രതികരണം. 5 തവണ പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു നഗരസഭയിലെത്തിയ പ്രമീള രണ്ടു തവണ ചെയർപേഴ്സണായ ആളാണ്. ഇത്തവണ പാർട്ടി തഴഞ്ഞു. പ്രമീളയുടെ പ്രതികരണം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. 

ഇന്നലെ പുറത്തുവിട്ട ബി ജെ പിയുടെ സ്ഥാനാർഥി പട്ടികയെ ചൊല്ലി പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Palakkad BJP crisis is the center of attention after candidate announcements led to internal disputes. Accusations of unilateral decision-making by a state vice president have surfaced, causing friction within the party.