onevotecandidate

ആകെ കിട്ടിയ ഒരു വോട്ട് നല്‍കിയ ആളെ തേടുകയാണ് ഒരു സ്ഥാനാര്‍ഥി. പത്തനംതിട്ട നഗരസഭ ഇരുപത്തിനാലാം വാര്‍ഡില്‍ മൊബൈല്‍ ഫോണ്‍ ചിഹ്നത്തില്‍ മല്‍സരിച്ച മൊബൈല്‍ കട ഉടമ എബ്രഹാം പി.എസ്.ആണ് ആ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിക്ക് മറ്റൊരു വാര്‍ഡിലാണ് വോട്ട്.

ആദ്യം വൈറലായത് ഈ ശബ്ദസന്ദേശമാണ്. ആരാവും ആ വോട്ട് നല്‍കിയത്. ഫലമറിഞ്ഞ പതിമൂന്നാം തീയതി മുതല്‍ എബ്രഹാം എന്ന സോണിയുടെ ആലോചന ഇതാണ്. ജയിക്കും എന്ന് പ്രതീക്ഷിച്ചാണ് മല്‍സരിച്ചത്. പക്ഷെ ഫലം വന്നപ്പോള്‍ ഒരു വോട്ട്.

ജനിച്ചു വളര്‍ന്ന നാടാണ്. അടുത്ത ബന്ധുക്കളടക്കം മുന്നൂറിലധികം പേരെ അറിയാം. മൊബൈല്‍ ഫോണ്‍കട നടത്തുന്ന എബ്രഹാമിന്‍റെ ചിഹ്നവും മൊബൈല്‍ ഫോണ്‍. നാട്ടിലെല്ലാം ഫ്ലെക്സ് വച്ചു. എല്ലാവരും വോട്ട് വാഗ്ദാനം ചെയ്തു. പക്ഷേ ഫലം വന്നപ്പോള്‍ ഒരു പാഠം പഠിച്ചു.

പതിനയ്യായിരം രൂപയോളം മാത്രമേ തിരഞ്ഞെടുപ്പിന് ചെലവായുള്ളു. എബ്രഹാമിന്‍റെ വോട്ട് മറ്റൊരു വാര്‍ഡിലാണ്. എന്നാലും ആരായിരിക്കും ആ വോട്ട് ചെയ്ത് പൂജ്യം സ്ഥാനാര്‍ഥി എന്ന് പേര് കേള്‍പ്പിക്കാതെ രക്ഷിച്ചത്. എബ്രഹാമിന് ആശ്വസിക്കാന്‍ മറ്റൊരു സ്ഥാനാര്‍ഥി കൂടിയുണ്ട്. ആ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി മുരളീധരന്‍ കര്‍ത്തായ്ക്ക് കിട്ടിയത് വെറും അഞ്ച് വോട്ട് ആണ്.

ENGLISH SUMMARY:

A candidate seeks the person who gave them a single vote. The candidate contested in the Pathanamthitta Municipality election and wants to express gratitude to the voter.