കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടത്ത് വൈറല്‍ ദിയ കൃഷ്ണക്ക് കുഞ്ഞു പിറന്ന വാർത്തയാണ്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ നിയോമിന്റെ പേരിൽ ഒരു പ്രൊഫൈലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ പ്രൊഫൈൽ ഉണ്ടാക്കിയത് തങ്ങളല്ലെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ദിയയും അശ്വിനും
‘ഞങ്ങളുടെ മകന്റെ പേരിൽ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജുകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും കണ്ടാൽ അത് സത്യമാണെന്ന് കരുതരുത്. ഭാവിയിൽ എപ്പോഴെങ്കിലും അവന്റെ പേരിൽ പേജ് തുടങ്ങുകയാണെങ്കിൽ അക്കാര്യം എന്റെ ഇൻസ്റ്റഗ്രാമിലൂടെത്തന്നെ അറിയിക്കുന്നതായിരിക്കും’, എന്ന് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. ‘ഇത് ഒരു ഫാൻപേജ് മാത്രമാണ്, ഞാനോ ദിയയോ ഒദ്യോഗികമായി തുടങ്ങിയതല്ല’, എന്നായിരുന്നു നിയോമിന്റെ പേരിലുള്ള പേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അശ്വിൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനകം എട്ടു മില്യനിലേറെ ആളുകളാണ് ദിയയുടെ വ്ലോഗ് കണ്ടത്. അതേ സമയം മകൾ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ യൂട്യൂബിൽ കണ്ടു പ്രതികരിച്ചവരുടെ കമന്റുകൾ തന്റെ കണ്ണുതുറപ്പിച്ചു എന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പറഞ്ഞു. മകൾ അത്യധികം വേദനയിലും ടെൻഷനിലും ആയിരുന്നെങ്കിലും കുടുംബാംഗങ്ങളും സ്നേഹമുള്ള ആശുപത്രി ജീവനക്കാരും ഉള്ളതുകൊണ്ട് സുഖപ്രസവം പേരുപോലെ തന്നെ സുഖമുള്ള ഒരു പ്രക്രിയയായി മാറി എന്ന് കൃഷ്ണകുമാർ പറയുന്നു. സർക്കാർ ആശുപത്രികളിലോ മറ്റു പ്രൈവറ്റ് ആശുപത്രികളിലോ പ്രസവിക്കുന്നവർക്ക് ഈ ഭാഗ്യം ഉണ്ടാകണം എന്നില്ല. പക്ഷേ മകൾക്ക് കിട്ടിയ ഈ സൗകര്യങ്ങൾ ഇനി പ്രസവിക്കുന്ന പെൺകുട്ടികൾക്ക് ഉണ്ടാകണമെന്നും അതിനായി നിയമനിർമാണം പോലും നടത്താൻ വേണ്ടി താൻ പ്രയത്നിക്കും എന്നും കൃഷ്ണകുമാർ പറഞ്ഞു.