TOPICS COVERED

പേര് മാറ്റത്തില്‍ വീണ്ടും വിശദീകരണവുമായി നടി വിന്‍ സി അലോഷ്യസ്. തന്നെ വിന്‍ സി എന്ന് വിളിച്ചത് മമ്മൂട്ടി തന്നെയാണെന്നും തന്‍റെ കയ്യില്‍ തെളിവുണ്ടെന്നും വിന്‍ സി പറ‍ഞ്ഞു. തന്‍റേത് ഡിസപിയറിങ് മെസേജ് ആയിരുന്നതിനാല്‍ അദ്ദേഹം മറന്നുപോയതായിരുന്നുവെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍ സി പറഞ്ഞു. മുമ്പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍ സി എന്ന് വിളിച്ചത് മമ്മൂട്ടി അല്ലായിരുന്നുവെന്നും മമ്മൂട്ടിയുടെ പേരില്‍ മറ്റാരോ ആയിരുന്നു മെസേജ് അയച്ചിരുന്നതെന്നും വിന്‍ സി പറഞ്ഞിരുന്നു. വിഷയം ട്രോളായതിനു പിന്നാലെയാണ് വീണ്ടും സംഭവത്തില്‍ താരം വ്യക്തത വരുത്തിയത്. 

വിന്‍സിയുടെ വാക്കുകള്‍:

"ഇതൊക്കെ പറഞ്ഞാൽ ഇനി വീണ്ടും ട്രോൾ ആകുമോ എന്ന് എനിക്ക് അറിയില്ല. ഞാൻ അത് പറഞ്ഞതിന് ശേഷം അഞ്ചാറാഴ്‌ച ട്രോൾ തന്നെ ആയിരുന്നു. യാഥാർഥ്യം പറഞ്ഞാൽ അതിനി വീണ്ടും ട്രോൾ ആകും. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ഒരാള്‍ എനിക്ക് മമ്മൂക്കയുടെ നമ്പര്‍ തന്നിരുന്നു. വിളിച്ചു ശല്യപ്പെടുത്തണ്ട എന്ന് കരുതിയാണ് ഞാൻ മെസജ് അയച്ചത്. ‘ഹായ് മമ്മൂക്ക അല്ലേ... ഇങ്ങനെ ഒരു സെലിബ്രേഷൻ ഉണ്ടായിരുന്നു’ എന്നൊക്കെ പറഞ്ഞൂ മെസജ് അയച്ചു. അപ്പോൾ മമ്മൂക്ക തിരിച്ച് ‘ഹായ് വിൻസി അല്ലെ’ എന്ന് മറുപടി അയച്ചു. അദ്ദേഹം വിൻ സി എന്നാണ് എഴുതിയിരുന്നത്. എനിക്ക് സന്തോഷമായി. ഞാൻ ഇടയ്ക്ക് ഇടയ്ക്ക് അദ്ദേഹത്തിന് എന്റെ ഓരോ അപ്‌ഡേറ്റ്‌സ് അയച്ചു കൊടുത്തിരുന്നു.

ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ അവിടെ മമ്മൂക്ക വന്നിരുന്നു. സ്റ്റേജില്‍ അദ്ദേഹത്തെ കണ്ടപ്പോൾ ഞാന്‍ വളരെ എക്‌സൈറ്റഡായി. ഞാൻ മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹമാണ് എന്നെ 'വിന്‍ സി' എന്ന് വിളിച്ചത് എന്നൊക്കെ പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു ‘ഞാന്‍ അറിഞ്ഞിട്ടില്ല, ഞാൻ അങ്ങനെ മെസേജ് അയച്ചിട്ടില്ല’ എന്നൊക്കെ പറഞ്ഞു. അപ്പോൾ എനിക്ക് തോന്നി പണി പാളി എന്ന്. വേറെ ആരെങ്കിലുമാവും എന്ന് ഞാന്‍ കരുതി. ഞാൻ ഓക്കേ മമ്മൂക്ക എന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. ആ നമ്പറിലേക്ക് ഇനി മെസേജ് അയയ്ക്കണ്ട എന്ന് കരുതി ഞാൻ വിട്ടു.

അങ്ങനെയിരിക്കെ ഒരു അഭിമുഖത്തില്‍ പേരിന്റെ കാര്യം ചോദിച്ചപ്പോള്‍, എന്തിനാണ് മമ്മൂക്കയുടെ പേര് വെറുതെ വലിച്ചിഴയ്ക്കുന്നേ എന്ന് ആലോചിച്ച്, അത് അദ്ദേഹമല്ല വേറെ ആരോ ആണ് എനിക്ക് തെറ്റുപറ്റിയതാണ് എന്ന് പറഞ്ഞു. അത് കഴിഞ്ഞ് ഇത് ട്രോളായി. പിന്നീട് ഞാൻ നോക്കിയപ്പോൾ ആ നമ്പറിൽ നിന്ന് തന്നെ എനിക്ക് മെസജ് വന്നു, ‘വിന്‍ സി എന്നുതന്നെ ഇരിക്കട്ടെ’ എന്ന് പറഞ്ഞായിരുന്നു മെസേജ്. അപ്പോൾ ഞാൻ ‘തനിക്ക് ഇനിയും മതിയായില്ലല്ലേ’ എന്ന രീതിയിൽ അങ്ങോട്ട് മെസജ് അയച്ചു. എന്തായാലും നന്ദി എന്ന് ഞാൻ പറഞ്ഞപ്പോൾ, ആ നമ്പറിൽ നിന്ന് വീണ്ടും ‘ഏഹ് ഞാൻ അങ്ങനെ വിളിച്ചോ?’ എന്ന് ചോദിച്ചു. ഇയാൾ ഇങ്ങനെ കിടന്നു ഉരുണ്ടുകളിക്കുന്നതു കണ്ട്, പൊട്ടന്‍ കളിക്കുകയാണോ എന്ന് എനിക്ക് തോന്നി. വീണ്ടും ചോദിക്കുകയാണ് ‘ഞാൻ അങ്ങനെ വിൻ സി എന്ന് പേര് മാറ്റാൻ പറഞ്ഞോ?’ എന്ന്. എന്താണ് ഈ സംഗതി എന്ന് മനസ്സിലാവാതെ ഞാന്‍ ആ നമ്പർ സ്‌ക്രീന്‍ഷോട്ട് ചെയ്ത് ജോര്‍ജേട്ടന് മെസേജ് അയച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഇത് മമ്മൂക്കാന്റെ നമ്പർ തന്നെയാണെന്ന്. അപ്പോൾ ഇത്രയും കാലം ഉണ്ടാക്കിയ കഥകള്‍ ഒക്കെ എവിടെ എന്ന് എനിക്ക് അറിഞ്ഞൂകൂടാ.

ഞാൻ മമ്മൂക്കയോട് പറഞ്ഞു, ‘മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായിപ്പോയി’. ഡിസപ്പിയറിങ് മെസേജ് ഓൺ ആയിരുന്നു. അതുകൊണ്ട് പുള്ളിക്ക് ഇതൊന്നും ഓര്‍മയില്ല. പിന്നീട് ഞാന്‍ ഡിസപ്പിയറിങ് മെസേജ് ഓഫ് ചെയ്തുവെച്ചു. ‘മമ്മൂക്കാ, ഇതുകാരണമാണ് ഞാന്‍ പോരൊക്കെ മാറ്റിയത്’ എന്ന് പറഞ്ഞപ്പോള്‍, ‘സോറി ഞാന്‍ മറന്നുപോയി’ എന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് കഥ. തെളിവുവേണമെങ്കില്‍ എന്റെ ഫോണിലുണ്ട്. ഇത് ഇപ്പോൾ ഞാൻ പറയുമ്പോൾ അവൾ വീണ്ടും മമ്മൂക്കാന്റെ കഥയുമായി വന്നിട്ടുണ്ട് എന്ന് പറയും. ആ നമ്പർ മമ്മൂക്കയുടെ തന്നെ ആയിരുന്നു.’’

ENGLISH SUMMARY:

Actress Win C Aloysius has once again clarified the controversy regarding her name. She revealed that it was Mammootty himself who started calling her “Win C,” and she claims to have proof. Win C explained that Mammootty might have forgotten because the message was sent as a disappearing message.