സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിന്‍ സി അലോഷ്യസ് പേര് മാറ്റിയിരുന്നു. വിന്‍സി എന്ന് എഴുതിയിരുന്നത് വിന്‍ സി എന്നാണ് താരം മാറ്റിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണവും വിന്‍ സി വെളിപ്പെടുത്തിയിരുന്നു. മമ്മൂക്കയാണ് തന്‍റെ പേര് മാറ്റത്തിന് പ്രേരണയായതെന്നാണ് വിന്‍സി പറഞ്ഞത്. താന്‍ മെസേജ് അയച്ചപ്പോള്‍ വിന്‍ സി എന്നാണ് റിപ്ലേ തന്നതെന്നും അതിനുശേഷമാണ് പേര് മാറ്റിയതെന്നും വിന്‍ സി പറഞ്ഞിരുന്നു.
എന്നാല്‍ മമ്മൂട്ടി എന്ന പേരില്‍ താന്‍ മാറ്റാര്‍ക്കോ ആയിരുന്നു മെസേജ് അയച്ചിരുന്നതെന്ന് പറയുകയാണ് വിന്‍ സി. മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ മെസേജ് അയച്ച കാര്യം താന്‍ പറഞ്ഞുവെന്നും എന്നാല്‍ അദ്ദേഹത്തിന് അതിനെ പറ്റി ഒന്നുമറിയില്ലെന്നാണ് പറഞ്ഞതെന്നും വിന്‍ സി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'എനിക്ക് അറിയാവുന്ന ഒരാള്‍ മമ്മൂക്കയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പര്‍ തന്നിരുന്നു. ആ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയിരുന്നില്ല, ടെക്സ്റ്റ് ചെയ്തു. മെസേജ് അയച്ചപ്പോള്‍ വിന്‍ സി എന്നെഴുതി. ഒപ്പം അഭിനയിക്കണമെന്ന് അത്രയും ആഗ്രഹമുള്ള നടന്‍ എന്നെ വിളിക്കുമ്പോള്‍ എന്തുകൊണ്ട് മാറ്റിക്കൂടാ. എനിക്ക് എന്നെ അങ്ങനെ വിളിച്ച് കേള്‍ക്കാനാണ് താല്‍പര്യം. അങ്ങനെ അത് മാറ്റി.
പിന്നെ കുറേ നാളുകള്‍ക്ക് ശേഷം ഫിലിം ഫെയറിന്‍റെ സമയത്ത് മമ്മൂക്കയെ ഞാന്‍ നേരിട്ട് കണ്ടു. ഞാന്‍ മെസേജ് അയച്ചിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞു. പുള്ളിക്ക് അതിനെ പറ്റി ഒരു ഐഡിയ ഇല്ല. അപ്പോള്‍ മമ്മൂക്കയല്ലേ എന്നെ വിന്‍ സി എന്ന് വിളിച്ചതെന്ന് ചോദിച്ചു. അല്ല, എന്‍റെ നമ്പര്‍ വേണമെങ്കില്‍ ജോര്‍ജേട്ടനോട് ചോദിച്ചാല്‍ മതി, ജോര്‍ജേട്ടന്‍ തരും എന്ന് മമ്മൂക്ക പറഞ്ഞു. ഇത്രയും നാള്‍ ഞാന്‍ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കക്കല്ല എന്ന് എനിക്ക് മനസിലായി. ആരാണ് റിപ്ലെ തന്നതന്ന് കണ്ടുപിടിച്ചുമില്ല,' വിന്‍ സി പറഞ്ഞു.
സൂത്രവാക്യമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിന്‍സിയുടെ ചിത്രം. യൂജിന്‍ ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ചോം ചാക്കോയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 30ന് ചിത്രം റിലീസ് ചെയ്യും.