• നടി വിന്‍സിയോട് ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ
  • മോശമായി പെരുമാറിയെന്നായിരുന്നു പരാതി
  • വിവാദങ്ങള്‍ അവസാനിച്ചെന്ന് വിന്‍സി

നടി വിന്‍സിയോട് ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. വിവാദങ്ങള്‍ക്ക് ശേഷം ഒന്നിച്ചുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. വിവാദങ്ങള്‍ അവസാനിച്ചെന്ന് വിന്‍സി അലോഷ്യസ് പ്രതികരിച്ചു.

ലൊക്കേഷനിൽ ഷൈൻ മോശമായി പെരുമാറിയെന്ന പരാതി നേരത്തെ വിൻസി ഉയർത്തിയിരുന്നു. വലിയ ചർച്ചകൾക്ക് വഴിവച്ചു. ലഹരി ഉപയോഗം ലൊക്കേഷനിൽ ഉണ്ടെന്ന ചർച്ചകൾക്കിടെ ആയിരുന്നു വിൻസിയുടെ പ്രസ്താവന. ഷൈനിന്റെ പേര് വിൻസി ആദ്യം പറഞ്ഞിരുന്നില്ല. ഒരു നടൻ ലഹരി യിൽ മോശമായി പെരുമാറിയെന്നാണ് പറഞ്ഞത്. പിന്നീട് അത് ഷൈൻ ആണെന്ന് പുറത്തു വന്നു. ഔദ്യോഗികമായി പരാതിയും  നൽകിയില്ല. ഷൈനും വിൻസിയും ഒന്നിച്ചഭിനയിച്ച സൂത്രവാക്യം സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് ഇരുവരും ഒന്നിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ വന്നത്.

ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണെന്ന ഷൈനിന്റെ  മറുപടിയിൽ വിൻസി സംതൃപ്തി പ്രകടിപ്പിച്ചു. ഇരുവരുടെയും കുടുംബം കാലങ്ങളായി നല്ല സൗഹൃദത്തിലുമാണ്. ലഹരിയിൽ നിന്ന് വിമുക്തി നേടിയ ഷൈൻ ഏറെ പക്വതയോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഷൈൻ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന ചിത്രമാണ് സൂത്രവാക്യം. വിൻസി അധ്യാപികയുടെ റോളിലും. ജൂലൈ 11 നാണ് റിലീസ്. ക്രൈം ഇൻവെസ്റ്റിഗേഷനാണ് പ്രമേയം. 

വിന്‍സി അന്നു പറഞ്ഞത്

'ഞാൻ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നുമുണ്ടായ എക്സ്പീരിയൻസ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ എന്തുപറഞ്ഞാലും മനസ്സിലാകാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോൾ ഞാൻ അത് വ്യക്തമാക്കാം.

ഒരിക്കൽ എന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എന്റെ അടുത്ത് വന്നിട്ട് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്നൊക്കെ എന്നോട് പറഞ്ഞു. എല്ലാവരുടെയും മുന്നിൽവെച്ച് എന്നോട് അങ്ങനെ മോശമായ രീതിയിൽ പെരുമാറിയപ്പോൾ പിന്നീട് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.മറ്റൊരു അവസരത്തിൽ ഞങ്ങൾ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടു. 

അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നതൊക്കെ മറ്റൊരു കാര്യമാണ്. പക്ഷേ സിനിമ സെറ്റിൽ ഉപയോഗിച്ച് അത് മറ്റുള്ളവർക്ക് ഉപദ്രവകരം ആകുമ്പോൾ സഹിക്കാൻ കഴിയില്ല. അതെല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും എനിക്ക് താൽപര്യമില്ലായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവം കാരണം ഞാൻ എടുക്കുന്ന തീരുമാനമാണിത്'-  വിന്‍ സി.

ENGLISH SUMMARY:

Shine Tom Chacko apologizes to actress Vincy Aloshious over a past dispute on the set of Sutravaakyam. The duo appeared together in a press meet for the first time after the incident. Vincy confirmed that the controversy is now settled.