jsk

ജെ.എസ്.കെ സിനിമയുടെ പോസ്റ്റര്‍ സിനിമ കൊട്ടകയ്ക്കു മുന്നില്‍ കണ്ടപ്പോള്‍ ഒരു ‘കോര്‍ട്ട് ത്രില്ലര്‍’ ആയിരിക്കും എന്ന് ചിത്രം വായിച്ചെടുക്കാമായിരുന്നു. അങ്ങനെയൊരു ചിത്രം റിലീസിന് മുന്‍പേ യഥാര്‍ഥ ‘കോര്‍ട്ട് ത്രില്ലര്‍’ ആയി മാറിയിരിക്കുന്നു ഇപ്പോള്‍. സിനിമ കേസായി. ഹൈക്കോടതി ‘കണ്ടറിഞ്ഞ് ’ വിധി പറയാന്‍ ഇരിക്കുന്നു.

സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിന്‍റെ കഥയുടെ പോക്കെന്താകും? തിരക്കഥ പുതുമ നിറയ്ക്കുമോ? സുരേഷ് ഗോപിയും അനുപമയും തകര്‍ക്കുമോ ?  അത്തരം സ്വാഭാവിക ചിന്തകളാണ് സിനിമാ പ്രേമിക്ക് സ്വാഭാവികമായും ആദ്യം വരിക. പക്ഷേ, കൂടുതലൊന്നും ചിന്തിക്കാന്‍ സമയം തരാതെ പടരുകയാണ് സിനിമയുടെ പേരുപോര്. 

പേരിലെ ജാനകിയും അതിന്‍റെ മത–സാംസ്കാരിക പശ്ചാത്തലവും ആണ് സിനിമയെ ‘വെട്ടാന്‍’ സെന്‍സര്‍ ബോര്‍ഡ് കാരണമാക്കിയത്.  ജാനകി ദൈവിക–സാംസ്കാരിക സങ്കല്‍പ്പമെന്നും അതിനാല്‍ ജാനകി എന്ന് സിനിമയില്‍ പറയുന്നിടത്തെല്ലാം കട്ട് വേണമെന്നുമായി ആവശ്യം. അത് സിനിമയെ കൊല്ലുമെന്ന് അണിയറപ്രവര്‍ത്തകരും. ഇതോടെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള അക്ഷരാര്‍ത്തതില്‍ ജെ.എസ്.കെ വേഴ്സസ്  സെന്‍സര്‍ ബോര്‍ഡായി മാറിയിരിക്കുന്നു.

സിനിമാ ടീം സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയിലെത്തി. ജാനകി എന്ന പേര് മതപരമായും, വർഗപരമായും എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് കോടതി ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവവുമായി ബന്ധപ്പെട്ടതാണെന്നും  പേരിടുന്നത് കലാകാരന്‍റെ സ്വാതന്ത്ര്യമെന്നും കോടതി നിരീക്ഷിക്കുന്നു. ജാനകി എന്ന കഥാപാത്രം അതിജീവിതയാണെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി നിർമാണ കമ്പനിയും അറിയിച്ചു. സംവിധായകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്യേണ്ടതെന്നും, ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാൻ അവർക്ക് കഴിയില്ലെന്നും  ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. വിധിയെഴുതുന്നതിനു മുന്‍പ് സിനിമ നേരിൽ കാണമെന്നും കോടതി. അങ്ങനെ സിനിമ കണ്ടു. ഇനി പ്രദര്‍ശനാനുമതി നല്‍കുമോ ? കേസില്‍ സെന്‍സര്‍ ബോര്‍ഡോ സിനിമാക്കാരോ.. ആര്‍ക്ക് അനുകൂലമാകും തീരുമാനം?. കാത്തിരിക്കാം.

കോടതികള്‍ സിനിമകണ്ട് വിധിച്ചത് ആദ്യമല്ല !

സിനിമകള്‍ മുഴുവനായോ, വിവാദ–തര്‍ക്കഭാഗങ്ങള്‍ മാത്രമായോ കണ്ട് കോടതികള്‍ സിനിമാ കേസുകളില്‍ വിധി പറയുന്ന സാഹചര്യം മുന്‍പും ഉണ്ടായിട്ടുണ്ട്.

പത്മാവത് വിവാദം

ഇവയിലേറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് 2018- പത്മാവത്- പത്മാവതി വിവാദമാണ്. റാണി പദ്‍മിനിയെ മോശമായി ചിത്രീകരിക്കുകയും ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയും ചെയ്തുവെന്നായിരുന്നു അന്നത്തെ കേസ്. അക്രമ സംഭവങ്ങളും പ്രതിഷേധവുമെല്ലാം അരങ്ങേറിയതിനൊടുവിൽ സുപ്രീംകോടതി ഒത്തുതീർപ്പ് വിധിയിലൂടെ ചിത്രത്തിന്‍റെ പേര് പത്മാവത് എന്നാക്കാൻ നിർദ്ദേശിച്ചു. അത് അങ്ങനെ അവസാനിച്ചു.

ആദിപുരുഷ്

ആദിപുരുഷും പത്മാവതിനെപ്പോലെ വിവാദങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. രാമായണത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ഇങ്ങനെ ആരോപണവിധേയമായ രംഗങ്ങൾ കണ്ട അലഹബാദ് ഹൈക്കോടതി നിർമാതാക്കളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുവെങ്കിലും ചിത്രം നിരോധിച്ചില്ല.

ഉട്താ പഞ്ചാബ്

അഭിഷേക് ചൌബെ സംവിധാനം ചെയ്ത ഉട്താ പഞ്ചാബ്  മയക്കുമരുന്നുപയോഗത്തിലൂടെ പഞ്ചാബിനെ ആക്ഷേപിക്കുന്നുവെന്ന  പേരിൽ 2014 ലാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതില 89 രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കത്രിക വച്ചത്.  മാത്രമല്ല പേരിൽനിന്ന് പഞ്ചാബ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അവസാനം ബോംബെ ഹൈക്കോടതി ഇടപെട്ട് ഒരു രംഗം മാത്രം ഒഴിവാക്കി ചിത്രത്തിന് 2016 ജൂണിൽ പ്രദർശനാനുമതി നൽകി.

പി.കെ

സംഘടിത മതസ്വാധീനത്തെ വിമർശിച്ചുവെന്ന ആരോപണമായിരുന്നു 2014ൽ പി.കെ എന്ന ചിത്രത്തിന് പാരയായത്. കേസുകൾ പല തരത്തിലായിരുന്നു. പക്ഷേ കോടതി രക്ഷിച്ചെടുത്തു. ഇന്ത്യയിലെ ജനങ്ങൾ വിനോദവും വാസ്തവവും  തിരിച്ചറിയാൻ ശേഷിയുള്ളവരാണെന്നു പറഞ്ഞ കോടതി ആർക്കെങ്കിലും ചിത്രത്തോട് വിരോധമുണ്ടെങ്കിൽ കാണാതിരുന്നാൽ മതിയെന്ന തീർപ്പാണ് കല്പിച്ചത്.

ജോളി എൽഎൽബി-2

ജോളി എൽഎൽബി-2 എന്ന 2017 ചിത്രത്തിന്‍റെ കാര്യം അല്പം വ്യത്യസ്തമായിരുന്നു. ചിത്രം അഭിഭാഷക വൃത്തിയെയും നീതിന്യായ വ്യവസ്ഥയെയും  മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു പരാതി. ചിത്രത്തിലെ നാലു രംഗങ്ങൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ആവശ്യപ്പെട്ടു. പക്ഷേ ചിത്രത്തിലെ നായകൻ അക്ഷയ് കുമാറിനെതിരെയുള്ള മാനനഷ്ടക്കേസ് കോടതി തള്ളി. സെൻസർ ബോർഡിൻറെ പുതിയ സർട്ടിഫിക്കറ്റുമായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ഓഎംജി- ഓ മൈ ഗോഡ് എന്ന ചിത്രം 2012ൽ പ്രദർശനത്തിനെത്തിയത് ദൈവത്തെ ഒരു വ്യക്തി കോടതി കയറ്റുന്ന വിഷയവുമായിട്ടായിരുന്നു. സ്വാഭാവികമായും കേസുകളുണ്ടായി, പിന്നാലെ പ്രതിഷേധങ്ങളും വധഭീഷണികളും വരെ. കോടതി അതൊന്നും പരിഗണിച്ചില്ല. പ്രതിഷേധങ്ങളെത്തുടർന്നുള്ള നഷ്ടത്തിന് പരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. അങ്ങനെ ചിത്രം തിയേറ്ററുകളിലോടി. ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ, ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ, ഇൻഡ്യാസ് ഡോട്ടർ, കാക്കി ഇങ്ങനെ നിരവധി ചിത്രങ്ങൾ സെൻസർ ബോർഡിന്‍റെ കത്രിക വീണും പ്രതിഷേധത്തിൽ മുങ്ങിയും വിവാദങ്ങളിൽ പെട്ടിട്ടുണ്ടെങ്കിലും കോടതി വിധികളുടെ ബലത്തിൽ ജനങ്ങളുടെ മുന്നിലെത്തുകയായിരുന്നു.

ENGLISH SUMMARY:

Mollywood’s JSK Movie in Court: Real-Life Legal Drama