തദ്ദേശതിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി എംപി തിരുവനന്തപുരം ശാസ്തമംഗലത്ത് വോട്ട് രേഖപ്പെടുത്തിയതിലൂടെ അദ്ദേഹത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. ശാസ്തമംഗലത്ത് വോട്ട് ചെയ്തതിലൂടെ ഉരച്ചു നോക്കാതെ ചെമ്പ് പുറത്തുവന്നു. എം.പിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ താൻ തൃശൂർക്കാരനാണെന്നും തൃശൂരിലാണ് താമസിക്കുന്നതെന്നും പറഞ്ഞാണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കേസെടുക്കാൻ കഴിയുന്ന സാഹചര്യമാണ്. തൃശൂരിലെ ജനങ്ങളെ ചതിച്ചതിന് സുരേഷ് ഗോപി മാപ്പ് പറയണം. എം പി സ്ഥാനം രാജിവെക്കണം. താൻ തൃശൂരാണ് എന്ന് പറഞ്ഞ വോട്ട് ചെയ്യുക, എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്യുക. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ഒരു വോട്ടർക്ക് രണ്ട് സ്ഥലത്ത് വോട്ട് ഉണ്ടാകാൻ പാടില്ലെന്നും തൃശൂർ ഡിസിസി അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ശാസ്തമംഗലത്ത് വോട്ട് ചെയ്തത് ശരിയായില്ലെന്ന് കെ മുരളീധരനും പറഞ്ഞു. രണ്ടിടത്ത് വോട്ട് ചേര്‍ക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും മുരളി പ്രതികരിച്ചു.