haritha-vinayak

Image: Instagram,Haritha.girigeeth

TOPICS COVERED

മിനിസ്ക്രീന്‍ നായിക ഹരിത ജി നായരും സിനിമാ എഡിറ്റര്‍ വിനായകും വേര്‍പിരിയുന്നു. ഹരിത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം 2023ലാണ് ഇവര്‍ ദാമ്പത്യജീവിതം ആരംഭിച്ചത്. വിവാഹവാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. 

വെറും രണ്ടുവര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായി തന്നെ നടി ഹരിത അറിയിക്കുകയാണ്. ഒന്നര വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസം. ഈ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ തങ്ങള്‍ക്കിടെയില്‍ നില്‍ക്കട്ടേയെന്നും സ്വകാര്യത മാനിക്കണമെന്നും താരം പറയുന്നു.

‘ഒന്നര വർഷം വേർപിരിഞ്ഞു താമസിച്ചു, ഇപ്പോള്‍ ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങള്‍ക്കിടെയിലെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. പരസ്പരം ആശംസകള്‍ നേരുന്നത് ഇനിയും തുടരും’– ഹരിത കുറിക്കുന്നു. 

‘അവിശ്വസനീയമാം വിധത്തില്‍ തങ്ങളെ മനസിലാക്കി പിന്തുണച്ച കുടുംബങ്ങള്‍ക്ക് നന്ദി പറയുകയാണ്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു. കൂടെനിന്ന സുഹൃത്തുക്കളോടും പ്രത്യേകം നന്ദി. അവര്‍ നല്‍കിയ പിന്തുണ വാക്കുകള്‍ക്കപ്പുറമാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നുകൂടി കുറിക്കുന്നു ഹരിത. 

അതേസമയം ഇരുവരുടെയും തീരുമാനം ആരാധകര്‍ക്ക് ഞെട്ടലാണ് സൃഷ്ടിച്ചത്. തിങ്കള്‍ക്കലമാന്‍,ശ്യാമാംബരം എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് ഹരിത. ജീത്തു ജോസഫ് സിനിമകളിലെ സ്ഥിരം എഡിറ്ററായ വിനായക് ദൃശ്യം 2, ട്വൽത് മാൻ, നുണക്കുഴി, നേരം തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Haritha G Nair divorce is the main focus of this article. The Malayalam actress and film editor Vinayak have announced their separation after two years of marriage, citing a desire for privacy and a continuation of their friendship.