മമിത ബൈജുവും നിവിന്‍പോളിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രവുമായി ഗിരീഷ് എ.ഡി. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് ബത്ലഹേം കുടുംബ യൂണിറ്റ് എന്നാണ്. ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത് ചിത്രമാണിത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു വിജയുടേതാണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കും.
പ്രേമലുവിന്റെ വിജയത്തിന് ശേഷം ഗിരീഷ് എ.ഡിയും ഭാവനാ സറ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് വലിയ പ്രേക്ഷകപിന്തുണയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയുടെ ചിത്രത്തിലൂടെ നിവിന്‍പോളിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.വലിയ പ്രേക്ഷകപ്രീതി ലഭിച്ച ചിത്രങ്ങളാണ് ഭാവനാ സ്റ്റുഡിയോസ് ഇതുവരെ നിര്‍മ്മിച്ച അഞ്ചു ചിത്രങ്ങളും.
'ഭാവന സ്റ്റുഡിയോസ് ഗിരീഷ് എ.ഡിയുമായി ചേർന്ന് ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം നിർമ്മിക്കുന്നു എന്ന വാർത്ത പങ്കുവയ്ക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പ്രണയകഥയാണിത്'. എന്ന കാപ്ഷനോടെ ഫഹദ് ഫാസിലാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രേമലുവിന് തിരക്കഥയെഴുതിയ ഗിരീഷ് എ.ഡിയും കിരൺ ജോസിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അജ്മല്‍ സാബു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗ്ഗീസാണ്