പോക്സ് കേസില്‍ പ്രതിയായ ജാനി മാസ്റ്ററെ തങ്ങളുടെ സിനിമയില്‍ ഉള്‍ക്കൊള്ളിച്ച നയന്‍താരയ്ക്കും വിഘ്നേശ് ശിവനും വിമര്‍ശനം. ലൈംഗിക പീഡനം നടത്തിയ ആളെ ആണോ സിനിമ എടുക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന വിമര്‍ശനം.
വിഘ്നേശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'യുടെ പുതിയ അപ്ഡേഷനായാണ് ജാനി മാസ്റ്ററും ചിത്രത്തില്‍ എത്തുന്നുണ്ട് എന്ന പോസ്റ്റ് പങ്കുവച്ചത്. സിനിമക്കൊപ്പം ജോയിന്‍ ചെയ്തു എന്ന ജാനി മാസ്റ്ററിന്‍റെ പോസ്റ്റര്‍ വിഘ്നേശ് പങ്കുവക്കുകയായിരുന്നു.
ഈ പോസ്റ്റ് പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനം കടുത്തത്. നയന്‍താരയുടെ കൂടി പങ്കാളിത്തത്തിലാണ് 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' നിര്‍മിക്കുന്നത്. പോക്സോ കേസില്‍ പ്രതിയായ ആളെ സിനിമയിലെടുക്കുന്നതില്‍ നയന്‍താരയ്ക്ക് പ്രശ്നമില്ലേ എന്നും ചോദിക്കുന്നവരുണ്ട്.
2024ലാണ് ജാനി മാസ്റ്റര്‍ക്കെതിരെ പീഡന ആരോപണം ഉയര്‍ന്നത്. ജൂനിയറായ സഹപ്രവര്‍ത്തകയെ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.