ബോളിവുഡ് താരവും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണത്തിന് കാരണം പ്രായം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗമാണെന്ന സംശയം പ്രകടിപ്പിച്ച് അടുത്ത വൃത്തങ്ങള്‍. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് 42കാരിയായ ഷെഫാലി ഇന്നലെ മരിച്ചത്. കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ഷെഫാലി ആന്‍റ്– ഏയ്ജിങ് മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. ജൂണ്‍ 27ന് ഷെഫാലിയുടെ വീട്ടില്‍ വച്ച് പ്രത്യേക പൂജ നടന്നിരുന്നു. അന്നേ ദിവസം താരം ഭക്ഷണം വെടിഞ്ഞ് വ്രതത്തിലായിരുന്നു. എന്നിട്ടും ആന്‍റി– ഏയ്ജിങ് കുത്തിവെപ്പെടുത്തുവെന്നാണ് വെളിപ്പെടുത്തല്‍.
ഒരു വര്‍ഷം മുന്‍പ് ഡോക്ടര്‍ നിര്‍ദേശിച്ച കുത്തിവയ്പ്പായിരുന്നു ഷെഫാലി എടുത്തത്. എല്ലാ മാസവും ഇതിനായുള്ള ചികില്‍സ ഷെഫാലി തുടരുകയും ചെയ്തിരുന്നു. മരുന്നിന്‍റെ അമിതോപയോഗമാണോ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടത്. സംഭവ ദിവസം രാത്രി പത്തുമണിക്കും പതിനൊന്ന് മണിക്കുമിടയിലാണ് ഷെഫാലിക്ക് ഹൃദയസ്തംഭനമുണ്ടായത്. പെട്ടെന്ന് ശരീരം വിറയ്ക്കാന്‍ തുടങ്ങുകയും ഷെഫാലിയുടെ ബോധം നഷ്ടമാവുകയുമായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് ഷെഫാലിയുടെ ഭര്‍ത്താവും അമ്മയും ഒപ്പമുണ്ടായിരുന്നു.
ഷെഫാലി കഴിച്ചിരുന്നതെന്ന് പറയപ്പെടുന്ന മരുന്നുകളടക്കം ഫൊറന്‍സിക് സംഘം വീട്ടിലെത്തി ശേഖരിച്ചു. ആന്‍റി–ഏയ്ജിങിനുള്ള കുത്തിവയ്പ്പിനുള്ള മരുന്നുകള്‍, വിറ്റാമിന്‍ ഗുളികകള്‍, വായൂകോപം നിയന്ത്രിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയും മുറിയില്‍ നിന്ന് കണ്ടെത്തി. ഷെഫാലിയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍, വീട്ടുജോലിക്കാര്‍, പരിചരിച്ച ഡോക്ടര്‍മാര്‍ എന്നിവരടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൃത്യമായ മരണകാരണം അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
2002 ല്‍ മ്യൂസിക് വിഡിയോയാ കാന്ദാ ലഗയിലൂടെയാണ് ഷെഫാലി താരമായത്. പിന്നീട് മുജ്സെ ഷാദി കരൂഗി എന്ന ബോളിവുഡ് ചിത്രത്തില്‍ അക്ഷയ് കുമാറിനും സല്‍മാനുമൊപ്പം അഭിനയിച്ചു. പിന്നീട് ഡാന്‍സ് റിയാലിറ്റി ഷോയായ നാച്ച് ബലിയെയിലും ബിഗ്ബോസിലും പ്രത്യക്ഷപ്പെട്ടു.