ജെഎസ്കെ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ നടപടിയില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. ജാനകിയെന്ന പേര് ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ചിത്രത്തില്‍ ജാനകിയെന്ന പേര് പാടില്ലെന്നാണ് നിര്‍ദേശം. ഇരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്ന് പറഞ്ഞെന്നും ബി.ഉണ്ണികൃഷ്ണന്‍.
എം.ബി.പത്മകുമാറിന്‍റെ സിനിമയ്ക്കും ഇതേപ്രശ്നം ഉണ്ടായിരുന്നു. പ്രമേയം എബ്രഹാമും ജാനകിയും തമ്മിലുള്ള പ്രണയം. സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ജാനകിയെ ജയന്തി എന്നാക്കിയപ്പോഴാണ്. ഉപയോഗിക്കേണ്ട പേരുകള്‍ സെന്‍സര്‍ ബോര്‍ഡ് ഇറക്കട്ടേ. ഷോക്കോസ് നോട്ടിസ് കാത്തിരിക്കുന്നെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ് സെൻസർ ബോർഡ്. കഥാപാത്രത്തിന്റെയും സിനിമയുടെയും പേരില്‍ നിന്ന് ജാനകി നീക്കണമെന്നാണ് ആവശ്യം. ഈ 27-ന് ആഗോള റിലീസായി തീയേറ്ററുകളിൽ സിനിമ എത്താനിരിക്കെയാണ് സെൻസർ ബോർഡിന്റെ തടസം. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ഗണത്തില്‍പ്പെടുന്നതാണ് ചിത്രം. പ്രവീണ്‍ നായാരണനാണ് സംവിധായകന്‍. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജെ. ഫനീന്ദ്ര കുമാറാണ്. സേതുരാമൻ നായർ കങ്കോലാണ് സഹ നിർമാതാവ്.