തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. ഇപ്പോഴിതാ, ഇരുവരെയും ഒരുമിച്ച് സ്ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് വീണ്ടുമൊരു അവസരം വന്നെത്തിയിരിക്കുകയാണ്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രം 'യേ മായ ചേസവേ' റീ റിലീസിന് ഒരുങ്ങുന്നുവെന്നാണ് വിവരം.
15 വർഷം മുൻപ് പുറത്തിറങ്ങിയ ഈ റൊമാന്റിക് ഡ്രാമ ചിത്രം ജൂലൈ 18-ന് വീണ്ടും തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ 'യേ മായ ചേസവേ', സിമ്പുവും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രം 'വിണ്ണൈ താണ്ടി വരുവായാ'യുടെ തെലുങ്ക് റീമേക്കാണ്. എ.ആർ. റഹ്‌മാന്‍റെ സംഗീതവും, കാർത്തിക്കിന്റെയും ജെസ്സിയുടെയും പ്രണയകഥയും ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു.
ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാകുന്നത്. പിന്നീട് 'ഓട്ടോനഗർ സൂര്യ', 'മനം', 'മജിലി', 'മഹാനടി' തുടങ്ങിയ സിനിമകളിലും ഇവർ ഒരുമിച്ച് അഭിനയിച്ചു.
'യേ മായ ചേസവേ'യുടെ റീ റിലീസ് വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എക്കാലത്തെയും പ്രിയപ്പെട്ട പ്രണയക്കഥ വീണ്ടും കാണാന്‍ കാത്തിരിക്കുന്നതായി ആരാധകര്‍ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സാമന്തയും നാഗചൈതന്യയും ഒരുമിച്ചെത്തുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ സജീവമാണ്.
2021 ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയത്. തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച ഈ വിവാഹമോചനം, ഇരുവരുടെയും നാലാം വിവാഹ വാർഷികത്തോട് അടുത്ത സമയത്തായിരുന്നു. സാമന്തയുമായി വേർപിരിഞ്ഞ ശേഷം നാഗചൈതന്യ പിന്നീട് തെന്നിന്ത്യൻ താരം ശോഭിത ധൂലിപാലയെ വിവാഹം ചെയ്തിരുന്നു.