മലയാളത്തിന്‍റെ സുകുമാരകാലം കഴിഞ്ഞിട്ട് ഇന്ന് 27 വര്‍ഷം. ജീവിതത്തിലും സിനിമയിലും ബന്ധനം ആഗ്രഹിക്കാത്ത വിപ്ലവകാരിയായ നടനായിരുന്നു സുകുമാരന്‍. തിയേറ്ററുകളെ കോരിത്തരിപ്പിച്ച ശബ്ദത്തിന് ഉടമ. അന്നത്തെ തലമുറയിലെ മാത്രമല്ല പുത്തൻ സിനിമാസ്വാദകരുടെ മനസ്സിലും മുഴങ്ങുകയാണ് ആ ശബ്ദം.
സ്കൂള്‍ നാടകങ്ങളില്‍ ഒരിക്കല്‍പ്പോലും തലകാണിച്ചിട്ടില്ലാത്തയാള്‍ മലയാളത്തിന്‍റെ അഭ്രപാളിയെ അടിമുടി കീഴടക്കുക. ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപമായ കഥാപാത്രങ്ങളായി നിറഞ്ഞാടുക. ഇടപ്പാള്‍ പൊന്നാംകുഴി വീട്ടില്‍ പരമേശ്വരന്‍ സുകുമാരന്‍ നായര്‍ നിർമാല്യത്തിലെ അപ്പുവിലാണ് തുടങ്ങിയത്. 1997 ൽ പുറത്തിറങ്ങിയ വംശം എന്ന ചിത്രത്തിലെ കുരിശിങ്കൽ വക്കച്ചൻ വരെയുള്ള കഥാപാത്രങ്ങളിലൂടെ ഇരുനൂറ്റമ്പതോളം സിനിമകളിൽ നിറഞ്ഞുനിന്നു.
ഇടവേളക്ക് ശേഷം എത്തിയ ശംഖുപുഷ്പത്തിലെ വേണുവെന്ന ആ കഥാപാത്രത്തിലൂടെ പുതിയ സുകുമാരനെ ആണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. എം ടിയുടെ ഇഷ്ട അഭിനേതാവായി പിന്നീട് സുകുമാരൻ. എം.ടിയും പവിത്രനും ചേര്‍ന്ന് ഉത്തരം തിരയുമ്പോള്‍ ആ ഉത്തരം തിരയാന്‍ സുകുമാരന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. എംടി ഒരുക്കിയ ക്ലര്‍ക്ക് ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം.
ശാലിനി എന്‍റെ കൂട്ടുകാരിയിലെ ജയദേവൻ എന്ന കോളജ് അധ്യാപകനെ മിഴിവുള്ളതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് തൻറെ അധ്യാപന മികവായിരിക്കണം. ഏതു തൊഴിലായാലും,,, അത് അഭിനയമായിക്കോട്ടെ, മറ്റെന്തെങ്കിലുമായിക്കോട്ടെ, പ്രതിഫലം ചോദിച്ചുവാങ്ങണമെന്ന് അദ്ദേഹം പഠിപ്പിച്ചു. അതുകൊണ്ടുതന്നെ മലയാള സിനിമയിലെ അഹങ്കാരിയെന്ന് ചിലർ അദ്ദേഹത്തെ വിളിച്ചു. സ്ക്രീനിനു പുറത്ത് സുകുമാരൻ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു.