‘ഈ സിനിമയില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തെ ഒരുപക്ഷേ നിങ്ങള്‍ക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വലിയ ബുദ്ധിമുട്ടാണ്. പക്ഷേ ഈ കഥാപാത്രം നിങ്ങള്‍ക്ക് സിനിമ കണ്ട് തിരിച്ചുപോകുമ്പോള്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റില്ല...’ – മമ്മൂട്ടി
‘എനിക്ക് ലൗഡ് ആയി അഭിനയിക്കാന്‍ ഭയങ്കര ഈസിയാണ്. പക്ഷേ പിടിച്ചുനിര്‍ത്തി അഭിനയിക്കുക എന്നുപറഞ്ഞാല്‍ ഇത്തിരി സ്ട്രെയിനാണ്. അത് ചെയ്യാന്‍ പറ്റി എന്ന് തോന്നുന്നു. സംവിധായകന്‍ ജിതിനാണ് അതിന്‍റെ ക്രെഡിറ്റ്. എന്‍റെ കയ്യും കാലും കെട്ടിയിട്ട പോലെയാണ് അദ്ദേഹം നിയന്ത്രിച്ചത്. ലൗഡ് ആക്കിയിട്ടില്ല എന്നാണ് എന്‍റെ വിശ്വാസം.’ – വിനായകന്‍
‘കളങ്കാവല്‍’ സിനിമയുടെ പ്രീ–റിലീസ് ഇവന്‍റുകളില്‍ മമ്മൂട്ടിയും വിനായകനും പറഞ്ഞ വാക്കുകളാണിത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഈ വാക്കുകള്‍ അതിശയത്തോടെയാണ് ഓര്‍ത്തത്. സിനിമയില്‍ അവര്‍ ചെയ്തുവച്ചതിന്‍റെ ആകെത്തുക ആ വാക്കുകളിലുണ്ടായിരുന്നു. ചെയ്ത കഥാപാത്രങ്ങളിലും സ്വന്തം പ്രകടനത്തിനും ഈ മനുഷ്യര്‍ക്കുള്ള വിശ്വാസവും കലര്‍പ്പില്ലാത്ത തിരിച്ചറിവുമാണ് അതെന്ന് മനസിലാക്കാന്‍ മറ്റൊന്നും വേണ്ട. ഒപ്പം സംവിധായകന്‍ ജിതിന്‍ കെ.ജോസിന് അഭിമാനിക്കാം, മലയാളസിനിമയുടെ ചരിത്രത്തില്‍ എണ്ണപ്പെടാവുന്ന ഒരു ചുവട് അടയാളപ്പെടുത്തിയതിന്.
മമ്മൂട്ടി അഭിനയത്തെ നിയന്ത്രിക്കുന്നു, വിനായകനെ അഭിനയം നിയന്ത്രിക്കുന്നു എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതില്‍ സംവിധായകന് എന്താണ് പങ്ക് എന്ന് കളങ്കാവല്‍ പറഞ്ഞുതരും. ‘ഞാന്‍ നായകനല്ല, പ്രതിനായകനാണ്’ എന്ന് റിലീസിന്‍റെ തലേന്ന് മമ്മൂട്ടി പറഞ്ഞതുകേട്ടപ്പോള്‍ സ്വാഭാവികമായും കരുതിയത് ക്ലൈമാക്സില്‍ നായകനെക്കാള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായി മാറും അതെന്നാണ്. പക്ഷേ കളങ്കാവലിന്‍റെ ക്ലൈമാക്സില്‍ ‘എങ്ങാനും അയാള്‍ തിരിച്ചുവരുമോ’ എന്ന് പേടിയോടെ ചിന്തിക്കുന്ന പ്രേക്ഷകനെയാണ് കാണുക. അതിക്രൂരനായ ഒരു സീരിയല്‍ കില്ലറുടെ മനോനിലയെ അത്രമാത്രം അനായാസമായി, റിയലിസ്റ്റിക് ആയി പ്രേക്ഷകരുടെ ഉള്ളിലെത്തിക്കാന്‍ കഴിഞ്ഞിടത്താണ് മമ്മൂട്ടി എന്ന നടന്‍റെ സമാനതകളില്ലാത്ത പാടവം ഒരിക്കല്‍ക്കൂടി അമ്പരപ്പിക്കുന്നത്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറില്‍ ഏറ്റവും സങ്കീര്‍ണമായ സബ്–ഴോണറാണ് സീരിയല്‍ കില്ലര്‍മാരുടെ കഥകള്‍. മിക്കതും യഥാര്‍ഥ സംഭവങ്ങളോ അവയോടെ വളരെ അടുത്തുനില്‍ക്കുന്നതോ ആയിരിക്കും എന്നതാണ് കാരണം. അത്തരം കുറ്റവാളികളുടെ മനോനിലയും അത് രൂപപ്പെടാനിടയായ സാഹചര്യങ്ങളുമെല്ലാം അതിസങ്കീര്‍ണമായിരിക്കും. അത്തരം സങ്കീര്‍ണതകളുടെ പ്രദര്‍ശനം ഓവറായാല്‍ സിനിമ കൈവിട്ടുപോകും. അതുണ്ടാകാതെ, ഒരു ഡയലോഗ് പോലുമില്ലാതെ സ്റ്റാന്‍ലി ദാസ് എന്ന വില്ലന്‍ എങ്ങനെയുണ്ടായി എന്ന് ബോധ്യപ്പെടുത്താന്‍ ജിതിന് കഴിഞ്ഞു. അതിനുപയോഗിച്ചത് ഏതാനും പഴയ ഫോട്ടോഗ്രഫുകളുടെ അവ്യക്തമായ ദൃശ്യങ്ങള്‍ മാത്രം.
സ്റ്റാന്‍ലി ദാസിന്‍റെ ഇരകളെല്ലാം ഒരു പ്രത്യേകസാമൂഹ്യ പശ്ചാത്തലമുള്ള സ്ത്രീകളാണ്. വിവാഹത്തിന്‍റെയും ജീവിതത്തിന്‍റെയും കാര്യത്തില്‍ സമൂഹം സ്ത്രീകള്‍ക്ക് കല്‍പ്പിച്ചുനല്‍കിയിട്ടുള്ള ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യവതികള്‍. അവരെ അയാള്‍ കണ്ടെത്തുന്നതും വലയില്‍ വീഴ്ത്തുന്നതും ഒടുവില്‍ ഇല്ലാതാക്കുന്നതുമെല്ലാം കാണുമ്പോള്‍ വെറുപ്പുതോന്നുന്നത് സ്റ്റാന്‍ലി ദാസിനോട് മാത്രമല്ല, അതിലേറെ സമൂഹത്തിന്‍റെ പിന്തിരിപ്പന്‍ ചിന്തകളോാണ്. ഇരകളെ ‘വളയ്ക്കാന്‍’ സ്റ്റാന്‍ലി പ്രയോഗിക്കുന്ന തന്ത്രങ്ങളെല്ലാം തികച്ചും സ്വാഭാവികമായി തോന്നുന്നത് കഥാപാത്രം മമ്മൂട്ടി എന്ന നടന്‍റെ കൈകളിലായതുകൊണ്ടാണ്. സിഗററ്റും അതിന്‍റെ പുകയും വരെ ജീവനുള്ള കഥാപാത്രങ്ങളായി മാറുന്ന മാജിക്! യഥാര്‍ഥ ജോലിസ്ഥലത്ത് സ്റ്റാന്‍ലിയുടെ എന്‍ട്രി സീന്‍ മാത്രം കണ്ടാല്‍ മതി അതിന്‍റെ ‘മാസ്’ സ്വഭാവം മനസിലാക്കാന്‍.
കേരള – തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളാണ് കഥയുടെ പശ്ചാത്തലം. തിരുവനന്തപുരത്തിന്‍റെയും നാഗര്‍കോവിലിന്‍റെയും ജീവിതവും സംസാരശൈലിയും പ്രകൃതിയുമെല്ലാം കഥാഗതിക്ക് അനുയോജ്യമാക്കുന്നതില്‍ ഫൈസല്‍ അലിയുടെ ഛായാഗ്രഹണം സുപ്രധാനപങ്കുവഹിച്ചു. എടുത്തുപറയേണ്ടത് മുജീബ് മജീദിന്‍റെ സംഗീതമാണ്. സ്റ്റാന്‍ലി ദാസിന്‍റെ കുടിലതകള്‍ക്ക് പശ്ചാത്തലമൊരുക്കാന്‍ അതിലും നല്ലൊരു പിന്തുണ ജിതിന് ലഭിക്കാനില്ല. ഓരോ ഇരയുടെയും പിന്നാലെ സ്റ്റാന്‍ലി ഇറങ്ങുമ്പോള്‍ വരുന്ന സമാനതയും വ്യത്യസ്തതയും ഇഴചേര്‍ക്കുന്ന സംഗീതം പശ്ചാത്തത്തില്‍ ഉണ്ടെന്നുപോലും പ്രേക്ഷകര്‍ അറിയാത്ത വിധമാണ് അതിന്‍റെ സംയോജനം.
ഇനി സിനിമയിലെ നായകനെക്കുറിച്ച്... ഇതുവരെ കണ്ട വിനായകനല്ല കളങ്കാവലിലേത്. ഒടുവിലത്തെ ബലപ്രയോഗത്തില്‍ പോലും അത് കാണാം. മാസ് ആക്കി മാറ്റാമായിരുന്ന ഒരുപാട് സീനുകള്‍ ആ കഥാപാത്രത്തിനുണ്ട്. പക്ഷേ സംവിധായകനും നടനും അതിന് അയാളെ അനുവദിക്കുന്നില്ല. ഡയലോഗ് ഡെലിവറിയിലാണ് അത് ഏറ്റവും കൂടുതല്‍. ആ നിയന്ത്രണം ഒന്നുരണ്ടിടത്തെങ്കിലും സിനിമയുടെ ഗതിവേഗം കുറച്ചോ എന്ന് തോന്നിയേക്കാം. പ്രത്യേകിച്ച് രണ്ടാംപകുതിയുടെ ആദ്യഭാഗങ്ങളില്‍ അത് ഡ്രമാറ്റിക് സ്വഭാവം കുറയ്ക്കുന്നുമുണ്ട്. പക്ഷേ ക്ലൈമാക്സിലേക്കുള്ള വഴിയെത്തുമ്പോള്‍ ആ വേഗക്കുറവിന്‍റെ കാരണവും ആവശ്യവും ബോധ്യപ്പെടും. ചാപ്റ്ററുകളായുള്ള അവതരണം സിനിമയെ വിഭജിക്കുകയല്ല, കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. കണ്ടിറങ്ങുമ്പോള്‍ ‘കളങ്കാവല്‍’ മനസില്‍ വ്യക്തമായി പതിഞ്ഞുനിലനില്‍ക്കുന്നതും അതുകൊണ്ടാണ്.
‘ ഈ സിനിമയില്‍ എനിക്ക് ആദ്യം ഓഫര്‍ ചെയ്ത റോള്‍ പൊലീസ് ഓഫിസറുടേതാണ്. അത് എന്നെക്കാള്‍ കുറച്ചുകൂടി നന്നായി ചെയ്യാന്‍ വിനായകനാണ് നല്ലതെന്ന് എനിക്ക് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പുള്ളിക്കാരന് തന്നെ വിശ്വാസമായില്ല. ‘ശരിക്കും ഞാന്‍ തന്നെയാണോ? വിനായകനെയാണോ ഉദ്ദേശിച്ചത്?’ എന്നായിരുന്നു പ്രതികരണം. ഞാന്‍ പറഞ്ഞു, അതെ ഈ സിനിമയിലെ നായകന്‍ വിനായകനാണ്.’ – പ്രീ–റിലീസ് ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍. സത്യത്തില്‍ വിനായകന്‍ സ്റ്റാന്‍ലി ദാസും മമ്മൂട്ടി ജയകൃഷ്ണനുമായിരുന്നെങ്കില്‍..? ശൃംഗാരവും ലാസ്യവും കുടിലതയും പൈശാചികമായ മനസും അത് മറച്ചുവയ്ക്കുന്ന സാധാരണത്വവും തന്ത്രം പിഴയ്ക്കുമ്പോഴുള്ള നിസഹായതയും ക്രൂരതയുടെ പരകോടിയുമെല്ലാം ഒരാളില്‍ നിന്ന് കിട്ടണം. ‘കളങ്കാവല്‍’ കണ്ടുകഴിയുമ്പോള്‍ കിട്ടും അതിനുള്ള ഉത്തരം.
ഒന്നുകൂടി... ക്ലൈമാക്സിനൊടുവില്‍ ആ കാറിന്‍റെ ഡിക്കി അനങ്ങുന്നുണ്ട്. എന്താണ് അതിനര്‍ഥം? കണ്ടുനോക്കൂ.