മിമിക്രിയുടെ പേരിൽ അനശ്വര നടൻ സത്യനെ ചിലർ അപമാനിക്കുകയാണെന്ന് മകൻ സതീഷ് സത്യൻ. സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സത്യൻ സ്മൃതി'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യനെ മായംചേർത്താണ് ചിലര്‍ അവതരിപ്പിക്കുന്നത്. സത്യന്‍ എന്ന നടനെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മകന്‍ അഭ്യര്‍ഥിച്ചു.
മകന്‍റെ വാക്കുകളിങ്ങനെ, മിമിക്രി കൊണ്ട് ജീവിക്കുന്നവര്‍ ഇത്തരം കുരുത്തകേടുകളും ഗുരുത്വമില്ലായ്മയും കാണിക്കരുത്.
സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. സത്യന്റെ സിനിമകൾ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാൽ ഒരു പവൻ സമ്മാനമായി നൽകാം.
സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഇത് ചെയ്യാൻ തയ്യാറായാൽ അവിടെ ഒരു പരിപാടി നടത്താനും ഞാൻ തയ്യാറാണെന്നും സതീഷ് വെല്ലുവിളിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിനു കിരിയത്ത് തുടങ്ങിയവരും പ്രസംഗിച്ചു. അച്ഛനെ കുറിച്ചുള്ള സതീഷ് സത്യന്‍റെ വാക്കുകള്‍ നിമിഷനേരം കൊണ്ട് വൈറലായി.