മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വിഡിയോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ‘ഉണ്ണിയേട്ടൻ’ എന്ന് വിളിക്കുന്ന കിലി പോൾ കേരളത്തിന്‍റെ പ്രിയപ്പെട്ടവനാണ്. ദിവസങ്ങള്‍ക്ക് മുന്നേ നാട്ടിലെത്തിയ താരം തന്‍റെ സിനിമ ഇഷ്ടങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ്. മലയാള സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാക്കള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആണെന്നാണ് കിലി പോള്‍ പറയുന്നത്.
തനിക്ക് ഉണ്ണിമുകുന്ദന്‍റെ പാട്ടുകള്‍ ഇഷ്ടമാണെന്നും അദ്ദേഹത്തെ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരികില്‍ പതിയെ എന്ന പാട്ടാണ് ഉണ്ണിമുകുന്ദനോട് ഇഷ്ടം തോന്നാന്‍ കാരണം. മലയാളത്തില്‍ ഏറ്റവും ഇഷ്ടം 'ആരു പറഞ്ഞു.. ആരു പറഞ്ഞു.. ഞാന്‍ കണ്ടത് രാക്കനവാണെന്ന് ആര് പറഞ്ഞു' എന്ന പാട്ടാണ്. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാൻ കഴിഞ്ഞാൽ കേരളത്തിൽ തന്നെ കൂടാനാണ് താത്പര്യമെന്ന് കിലി പോൾ മുന്‍പ് പറഞ്ഞിരുന്നു.
സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന 'ഇന്നസെന്റ്' എന്ന ചിത്രത്തിൽ കിലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളികളുടെ സ്നേഹത്തിനും പിന്തുണയ്ക്കും കിലി പോൾ നന്ദി പറഞ്ഞു. മലയാളത്തിൽ ശോഭനയാണ് ഇഷ്ട നടി. മോഹൻലാലിനെയും മമ്മൂട്ടിയേയും ഉണ്ണി മുകുന്ദനെയും ഫഹദ് ഫാസിലിനെയും ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു.