സമൂഹത്തിലെ ജാതിയമായ അസമത്വങ്ങളെ തുറന്നുകാട്ടിയ റാപ്പിന്‍റെ വരികള്‍കൊണ്ട് കേരളത്തിലാകെ ആരാധകരെ സൃഷ്ടിച്ച റാപ്പറാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി. വിവാദങ്ങള്‍ കൊണ്ട് അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം കൂടിയാണ് വേടന്‍. ഇപ്പോഴിതാ വേടന്‍റെ ചല പ്രസ്താവനകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.
ദലിതരുടെ ഉന്നമനത്തിനായി വേടന്‍റെ പ്രോഗ്രാം ബുക്ക് ചെയ്തു കൊടുത്താൽ മതിയോ..? ദലിതരുടെ ജീനിൽ പഠിക്കാനുള്ള ഡിഎന്‍എ ഇല്ലെന്ന് പറഞ്ഞ വേടനോട് യോജിക്കുന്നുണ്ടോ? 5ലക്ഷത്തിൽ നിന്നും 25ലക്ഷത്തിലേക്ക് പ്രോഗ്രാമിന്റെ തുക വർദ്ധിപ്പിച്ചാൽ ഇന്നാട്ടിലെ ദളിതർ രക്ഷപ്പെടുമോ എന്നൊക്കെയാണ് അഖില്‍ മാരാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. ഏത് ജാതിയിൽ ജനിച്ചാലും കഴിവുള്ളവൻ രക്ഷപ്പെടുമെന്നും അതല്ല സാമൂഹിക വ്യവസ്ഥിതി ആണ് കാരണമെങ്കിൽ അത് മാറ്റാൻ കഴിഞ്ഞ 68 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ ദളിതർ അവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അഖില്‍ പറയുന്നു.
വേടൻ വളർന്ന സാഹചര്യത്തേക്കാളും മോശം അവസ്ഥയിൽ സ്വന്തമായി 15വർഷത്തോളം വീടില്ലാതെ പല ഇടങ്ങളിൽ പരിഹാസങ്ങളും പുച്ഛവും അവഗണനയും കേട്ട് വളർന്ന ഒരുവന്റെ ഉള്ളിലെ പോരാട്ടമാണ് നിങ്ങൾ ഇന്ന് കണ്ട അഖിൽ മാരാരെന്നും ജാതിയുടെ പ്രിവിലേജ് അല്ല തന്റെ ഉള്ളിൽ കെടാതെ കൊണ്ട് നടക്കുന്ന പോരാട്ടത്തിന്റെ ഗുണമാണ് ഇന്നത്തെ ജീവിത വിജയങ്ങളുടെ പിന്നിലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ നാട്ടിൽ 2 ജാതിയാണ് ഉള്ളതെന്നും അത് അധികാരവും പണവും ഉള്ളവനും അത് അത് ഇല്ലാത്തവനുമാണെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ ആദിവാസി കോളനികളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിവില്ലെന്നും അതിന് കാരണം അത് അവരുടെ ഡിഎന്‍എയില്‍ ഇല്ലെന്നും വേടന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദളിത് വിഭാഗത്തില്‍ നിന്നും പഠിച്ച് ജോലി വാങ്ങിയ വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയാണെന്നാണ് പലരും പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സ്വാതന്ത്ര്യം കിട്ടി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ് സർക്കാർ കേരളത്തിൽ വന്നിട്ട് 68 വർഷങ്ങൾ കഴിഞ്ഞിട്ടും വേടനെ ഉയർത്തി കാട്ടി ഇടത് പുരോഗമന വാദികളും കപട മാധ്യമ പ്രവർത്തകരും ഒരേ സ്വരത്തിൽ ദളിതരുടെ ഉന്നമനത്തിന് വേണ്ടി വാദിക്കുകയാണ്....
എന്തൊരു വിരോധാഭാസം ആണ് എന്നല്ലാതെ എന്താണ് പറയുക.. ഇത്രയും വർഷകാലമായി ദളിതരുടെ 90% വോട്ട് വാങ്ങി അവരെ ഉയർത്തി കൊണ്ട് വരാൻ പരിശ്രമിച്ച ഇടത് പക്ഷം അവരെ ചതിച്ചെന്ന് നിങ്ങൾ തന്നെ പറയുകയാണോ..
ദളിതരുടെ ഉന്നമനത്തിനായി വേടന് പ്രോഗ്രാം ബുക്ക് ചെയ്തു കൊടുത്താൽ മതിയോ..?
5ലക്ഷത്തിൽ നിന്നും 25ലക്ഷത്തിലേക്ക് പ്രോഗ്രാമിന്റെ തുക വർദ്ധിപ്പിചാൽ ഇന്നാട്ടിലെ ദളിതർ രക്ഷപ്പെടുമെന്നാണോ..?
ദളിതരുടെ ജീനിൽ പഠിക്കാനുള്ള DNA ഇല്ല എന്ന് വേടൻ പറഞ്ഞപ്പോൾ ഇളിച്ചു കൊണ്ട് കേട്ടിരുന്ന പ്രൊഫസർ പുരോഗമന കുമാർ ആ വാക്കുകളോട് യോജിക്കുന്നോ..കേരളത്തിൽ നിന്നും സിവിൽ സർവീസ് നേടിയെടുത്ത കുട്ടികളുടെ ജീൻ അല്ലെങ്കിൽ കെ ആർ നാരായൺ സാർ ഉൾപ്പെടെ രാജ്യ തലവൻ ആയ മഹാന്മാരുടെ ഒക്കെ DNA ദളിതരുടെ അല്ല എന്നാണ് വേടൻ പറയുന്നതെങ്കിൽ ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്ന യഥാർത്ഥ ജാതി സങ്കൽപം വേടൻ അറിഞ്ഞോ അറിയാതെയോ തിരിച്ചറിയുന്നു...
രജ,സത്വ, തമോ ഗുണ പ്രദമാണ് ഒരുവന്റെ ജാതി...
ആരുടെ മകനായി ഏത് കുലത്തിൽ ജനിച്ചു എന്നതല്ല മറിച്ചു ഗുണം കൊണ്ട്, പെരുമാറ്റം കൊണ്ട് ഒരുവൻ സൃഷ്ടിച്ചെടുക്കുന്ന സ്വഭാവമാണ് ജാതി...
നന്നായി പഠിക്കാനും പഠിപ്പിക്കാനും കഴിയുന്ന ഏതൊരാൾക്കും ബ്രാഹ്മണ ഗുണമാണ്..
പോരാട്ട വീര്യവും ധീരതയും നാടിനെ നയിക്കാനുള്ള ശേഷിയും ഒരുവനെ ക്ഷത്രിയാനാക്കുന്നു..
ഗുണം കൊണ്ടും കഴിവ് കൊണ്ടും കൈയിലിരുപ്പ് കൊണ്ടും മുന്നോട്ട് പോകാൻ കഴിയാത്ത തമോ ഗുണ സ്വഭാവം ഉള്ളവർ ശൂദ്ര ഗണത്തിലും പെടുന്നു..
ഈ ഗുണങ്ങൾ വെച്ചു നോക്കിയാൽ കെ ആർ നാരായണനും വേടനും ഒക്കെ ക്ഷത്രിയ ഗുണങ്ങൾ ഉള്ളവരാണ്...
നമ്മുടെ ഇടയിൽ മുന്നൊക്ക മേൽജാതി എന്ന് പറഞ്ഞു നടക്കുന്ന പലരേയും നോക്കിയാൽ ഗുണങ്ങൾ കൊണ്ട് ദളിതർ ആയി കാണാൻ കഴിയും...
ഞാൻ പറഞ്ഞത് ഏത് ജാതിയിൽ ജനിച്ചാലും കഴിവുള്ളവൻ രക്ഷപ്പെടും.. അതല്ല സാമൂഹിക വ്യെവസ്ഥിതി ആണ് കാരണമെങ്കിൽ അത് മാറ്റാൻ കഴിഞ്ഞ 68 വർഷമായി കമ്മ്യൂണിസ്റ് പാർടിക്ക് കഴിഞ്ഞിട്ടില്ല എങ്കിൽ ദളിതർ അവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം..
വേടൻ പാലസ്തീനിലെയും മ്യാന്മാറിലേയും മനുഷ്യരുടെ വേദനയെക്കാൾ പ്രാധാന്യം ഇന്നാട്ടിലെ ദളിത് കുടുംബങ്ങളിലെ കുട്ടികളോട് കാണിക്കണം.. ലക്ഷങ്ങൾ വാങ്ങി കുടിച്ചും വലിച്ചു നടന്നിട്ട് പാട്ടെഴുതി പാവപ്പെട്ടവന്റെ ദയനീയത വിറ്റാൽ ഒരു ഉന്നമനവും വേടനല്ലാതെ ആർക്കും ഉണ്ടാവില്ല...
എന്റെ പേരിലെ ജാതിയാണ് എന്റെ ഉള്ളിൽ എന്ന് പറഞ്ഞ മീഡിയ അടുപ്പ് കൂട്ടികളോട് വേടൻ വളർന്ന സാഹചര്യത്തേക്കാളും മോശം അവസ്ഥയിൽ സ്വന്തമായി 15വർഷത്തോളം വീടില്ലാതെ പല ഇടങ്ങളിൽ പരിഹാസങ്ങളും പുശ്ചവും അവഗണനയും കേട്ട് വളർന്ന ഒരുവന്റെ ഉള്ളിലെ പോരാട്ടമാണ് നിങ്ങൾ ഇന്ന് കണ്ട അഖിൽ മാരാർ..
വെറും ഫേസ്ബുക്കിലെ വായ്‌താളം അല്ല.. 2013ഇൽ ആദ്യത്തെ പുസ്തകം എഴുതി 2 ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത് പിന്നീട് സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി.. അതിന് ശേഷം സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിരവധി ചാനല് ചർച്ചകളിൽ ഭാഗമായി പരിഹസിച്ച ബിഗ് ബോസ്സ് ആരാധകരെ വെല്ലു വിളിച്ചു ആ ഷോയുടെ ഭാഗമായി 7% വോട്ട് 82% ആക്കി ജയിച്ചു വന്നത് എന്റെ ജാതിയുടെ പ്രിവിലേജ് അല്ല എന്റെ ഉള്ളിൽ ഞാൻ കെടാതെ കൊണ്ട് നടക്കുന്ന പോരാട്ടത്തിന്റെ ഗുണമാണ്...
നമ്മുടെ നാട്ടിൽ 2 ജാതി ഉണ്ട്..
ഉള്ളവനും ഇല്ലാത്തവനും
(അധികാരം, പണം)