സൈബറിടത്താകെ വൈറല്‍ ഇപ്പോള്‍ അഹാന കൃഷ്ണകുമാറാണ്. ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന സംഭവത്തില്‍ തെളിവുകള്‍ പുറത്ത് വിട്ട് അമ്മ സിന്ധു കൃഷ്ണകുമാര്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ മൂന്ന് വനിതാ ജീവക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓഗസ്റ്റുമുതല്‍ പണം തട്ടിയതായി ദൃശ്യത്തില്‍ പെണ്‍കുട്ടികള്‍ സമ്മതിക്കുന്നു. അഹാനയും ദിയയുമാണ് പെണ്‍കുട്ടികളോട് സംസാരിക്കുന്നത്. ഇതിന് പിന്നാലെയാണ് അഹാനയ്ക്ക് കയ്യടിച്ച് സൈബറിടം രംഗത്ത് വന്നത്.
ഒരു ചേച്ചി ആയാൽ ഇങ്ങനെ വേണമെന്നും തന്റെ അനുജത്തിയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന അവരെ കണ്ട് പഠിക്കേണ്ടതാണെന്നും സോഷ്യൽ മീഡിയ പറയുന്നു. ‘ഓരോ ചോദ്യവും ബുള്ളറ്റ് ഷോട്ട് പോലെ. അനിയത്തിക്കായി പൊരുതുന്ന ചേച്ചി, അനിയത്തിക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ എക്സാറ്റ് പ്രൂഫ് ആണ് അഹാന, അഹന അനിയത്തിക്ക് വേണ്ടി പൊരുതി, സ്വന്തം അനിയത്തിക്ക് നീതി വാങ്ങികൊടുക്കാൻ കരുത്തുള്ള ശക്തയായ കൂടപ്പിറപ്പ് ആഹാന’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം കൃഷ്ണകുമാറിനെതിരായ കേസിൽ സത്യം കണ്ടെത്താൻ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ പൊലീസ്. മൂന്ന് വനിത ജീവനക്കാരുടെയും ദിയ കൃഷ്ണന്‍റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടി കത്ത് നൽകി. നാളെ വിവരം ലഭിച്ചേക്കും. അതിന് ശേഷം ചോദ്യം ചെയ്യലിലേക്ക് കടക്കാനുമാണ് തീരുമാനം. കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണന് തിരുവനന്തപുരം കവടിയാറില്‍ ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന കടയുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയും ഭര്‍ത്താക്കന്‍മാരെയും, മെയ് 30ന് കൃഷ്ണകുമാറിന്‍റെ അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് പരാതിയും കേസും. ഇവരുടെ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് തന്നെ കൃഷ്ണകുമാറിന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ വിറ്റ് കിട്ടുന്ന പണം, കടയിലെ ക്യൂ ആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.