TOPICS COVERED

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസാഹചര്യം ഉടലെടുത്തതിനു പിന്നാലെ പാക്കിസ്ഥാനി നടി മാവ്ര ഹൊകനെക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന നടന്‍ ഹര്‍ഷവര്‍ധന്‍ റാണെയുടെ പ്രസ്താവന ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ഭൂരുത്വമാണെന്ന നടിയുടെ പരാമര്‍ശവും കൂടി കണക്കിലെടുത്താണ് ഹര്‍ഷവര്‍ധന്‍റെ തീരുമാനം. ഇരുവരും ഒന്നിച്ച ചിത്രം സനം തേരി കസത്തിന്‍റെ രണ്ടാം ഭാഗത്തില്‍ പഴയ കാസ്റ്റ് തന്നെയാണെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നാണ് ഹര്‍ഷവര്‍ധന്‍ പറഞ്ഞത്.

ഹര്‍ഷവര്‍ധന് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മാവ്ര. ഹര്‍ഷവര്‍ധന്‍റേത് വെറും പിആര്‍ തന്ത്രമെന്നാണ് മാവ്ര പറഞ്ഞത്. 'എങ്ങും സ്ഫോടന ശബ്ദങ്ങള്‍. ന്യായമില്ലാത്ത ഭീരുത്വ ആക്രമണം മൂലം എന്‍റെ രാജ്യത്തെ കുഞ്ഞുങ്ങള്‍ മരിക്കുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലായിരിക്കുമ്പോള്‍ ശ്രദ്ധ ലഭിക്കാന്‍ പിആര്‍ പ്രസ്താവനയുമായി വരികയാണോ? കഷ്ടം. 

ഈ സാഹര്യത്തില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ലജ്ജാകരവും വിചിത്രവുമാണ്. രണ്ട് ആണവ രാജ്യങ്ങൾ തമ്മില്‍ യുദ്ധത്തിലാണ്, സിനിമകളെക്കുറിച്ച് ചർച്ച ചെയ്യാനോ, പരസ്പരം പരിഹസിക്കാനോ, പരസ്പരം താഴ്ത്താനോ ഉള്ള സമയമല്ല ഇത്. നിങ്ങളുടെ വാർത്താ മാധ്യമങ്ങൾ മാത്രമല്ല വിഡ്ഢികളായി മാറിയിരിക്കുന്നത്. ഒന്‍പത് വർഷത്തിന് ശേഷം എന്റെ പേര് ഉപയോഗിച്ച് തലക്കെട്ടുകളില്‍ ഇടംനേടാനാണ് ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ തെറ്റായ കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ നേട്ടത്തിനായി  യുദ്ധം ഉപയോഗിക്കരുത്. വളരെയധികം ജീവനുകള്‍ നഷ്ടപ്പെട്ടു... ഇത് ഒരു ഗുരുതരമായ സാഹചര്യമാണ്' മാവ്ര ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. Read More: 'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീരുത്വം'; നടിക്കൊപ്പം ഇനി അഭിനയിക്കാനില്ലെന്ന് ബോളിവുഡ് താരം

മാവ്രയുടെ സ്റ്റോറിക്ക് പിന്നാലെ വിമര്‍ശനവുമായി വീണ്ടും ഹര്‍ഷവര്‍ധനും സോഷ്യല്‍ മീഡിയയില്‍ എത്തി. വ്യക്തിഗതമായ ആക്രമണത്തിനുള്ള ശ്രമമാണിതെന്ന് ഇന്‍സ്റ്റ് സ്റ്റോറിയില്‍ താരം കുറിച്ചു. ഭാഗ്യവശാൽ, അത്തരം ശ്രമങ്ങളെ അവഗണിക്കാൻ എനിക്ക് സഹിഷ്ണുതയുണ്ട് - പക്ഷേ എന്റെ രാജ്യത്തിന്റെ അന്തസ്സിനു നേരെയുള്ള ഏതൊരു ആക്രമണത്തോടും എനിക്ക് സഹിഷ്ണുതയില്ലെന്നും നടന്‍ പറഞ്ഞു.

"ഒരു ഇന്ത്യൻ കർഷകൻ തന്റെ വിളയിൽ നിന്ന് ആവശ്യമില്ലാത്ത കള പറിച്ചെടുക്കും, അതിനെ കളനിയന്ത്രണം എന്ന് വിളിക്കുന്നു, ഈ പ്രവൃത്തിക്ക് കർഷകന് ഒരു പിആർ ടീമിന്റെ ആവശ്യമില്ല, അതിന്റെ പേരാണ് സാമാന്യബുദ്ധി. രണ്ടാം ഭാഗത്തിൽ നിന്ന് ഞാൻ പിന്മാറുമെന്ന് പറഞ്ഞു. എന്റെ രാജ്യത്തിന്റെ പ്രവർത്തനങ്ങളെ 'ഭീരുത്വം' എന്ന് മുദ്രകുത്തുന്ന വ്യക്തികളുമായി പ്രവർത്തിക്കാതിരിക്കാൻ എനിക്ക് പൂർണ്ണമായും അവകാശമുണ്ട്,' ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Harshvardhan Rane has stated that he will not act in the sequel of Sanam Teri Kasam if the original cast is retained. Reacting to this, Mawra hocane has come forward criticizing his comment, calling it merely a PR tactic.