ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ ചൈനയെന്ന് യു.എസിന്‍റെ റിപ്പോര്‍ട്ട്. ചൈനീസ് യുദ്ധ വിമാനമായ ജെ-35 ന്‍റെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങളെ താറടിച്ച് കാണിക്കുകയായിരുന്നു എന്നാണ് യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷന്‍ യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇതിനായി ചൈന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
എഐ ഉപയോഗിച്ച് ചൈന വ്യാജപ്രചാരണം കത്തിച്ചു. ചൈനീസ് യുദ്ധ വിമാനങ്ങള്‍ തകര്‍ത്ത റഫാലിന്‍റെ അവശിഷ്ടങ്ങളെന്ന പേരില്‍ എഐ ചിത്രങ്ങളും വിഡിയോ ഗെയിമുകളും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രചരിപ്പിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ട്. പാക്കിസ്ഥാന് ചൈന നല്‍കിയ ആയുധങ്ങളുടെ പരീക്ഷണ ശാലയായതിനാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഫലത്തില്‍ ഇന്ത്യ– ചൈന സംഘര്‍ഷമായും കണക്കാക്കിയിരുന്നു. ചൈനീസ് നിര്‍മിത ജെഎഫ്-17, ജെ-10 യുദ്ധ വിമാനങ്ങളാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചത്. പിഎല്‍-15 എന്ന ചൈനീസ് മിസൈലും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ചിരുന്നു.
പാക്കിസ്ഥാന്‍റെ കയ്യിലില്ലാത്തെ ജെ-35 പോലുള്ള ചൈനീസ് ആയുധങ്ങള്‍ ഇന്ത്യയുടേതിനേക്കാള്‍ മികച്ചതാണെന്ന് ചിത്രീകരിക്കാനായിരുന്നു ചൈനയുടെ പ്രചാരണം. ഇതിനൊപ്പം ഇന്ത്യന്‍ വിമാനങ്ങളെ വീഴ്ത്തിയത് തങ്ങളുടെ സാങ്കേതിക മികവാണെന്ന തരത്തിലും പ്രചാരണം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പിന്നാലെ റഫാല്‍ ജെറ്റുകള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ചൈനീസ് എംബസി ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളിലും ചൈന സൈനികമായ ഇടപാടുകള്‍ നടത്താന്‍ ഇത് സഹായകമായെന്നും റിപ്പോര്‍ട്ട് പറയുന്നു.