സിനിമ മേഖലയിലെ ലഹരി ഉപയോഗവും ഇടപാടുകളും ചര്‍ച്ചയായിരിക്കെ ലഹരിക്കെതിരെ പോസ്റ്റര്‍ പങ്കുവച്ച് ചലച്ചിത്ര സംഘടനയായ അമ്മയുടെ പോസ്റ്റര്‍. അമ്മയുടെ ലോഗോയിക്കൊപ്പം ‘സേ നോ ടു ഡ്രഗ്സ്’ എന്നെഴുതിയ പോസ്റ്ററാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്കു പിന്നാലെ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ലഹരിക്കേസില്‍ പിടിലായി. തൊട്ടുപിന്നാലെ റാപ്പര്‍ വേടനും കുടുങ്ങി.
ലഹരിക്കേസില്‍ ഷൈൻ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും മോഡലായ കെ. സൗമ്യയേയും പത്തു മണിക്കൂറിലധികമാണ് എക്സൈസ് ചോദ്യം ചെയ്തത്. ഷൈൻ ടോം ലഹരിക്കടിമയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതിനാൽ ഷൈന്റെ ആഗ്രഹപ്രകാരം വിമുക്തി പദ്ധതിയിൽ ഉൾപ്പെടുത്തി. താരത്തെ തൊടുപുഴയിലെ ലഹരി ചികിൽസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോ അടക്കം രണ്ടു പേരും ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സംശയനിഴലിലാണ്. അതിനിടെയാണ് വേടന്‍റെ അറസ്റ്റ്. കഴുത്തിലെ പുലിപ്പല്ല് കേസ് കൂടിയായപ്പോള്‍ ലഹരിക്കു പുറമേ മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ വേടനെതിരെ ചുമത്തിയിട്ടുണ്ട്.
ഇങ്ങനെ സിനിമ നടന്‍മാരും സംവിധായകരും പ്രതികളാകുന്ന ലഹരിക്കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ കൊച്ചിയിലെ സിനിമ സങ്കേതങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ സംയുക്ത പരിശോധന നടത്തുകയാണ്. സംസ്ഥാന കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെ പരിശോധനകളുണ്ടാകുമെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. സംവിധായകര്‍ പ്രതികളായ ലഹരിക്കേസില്‍ കൂടുതൽ നടന്മാരിലേക്കും സംവിധായകരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കും. സെറ്റുകള്‍ക്ക് അപ്പുറം സിനിമക്കാര്‍ ഒത്തുകൂടുന്ന ഫ്ലാറ്റുകള്‍ ഹോട്ടലുകള്‍ അടക്കം പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും.