സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബ്രഹ്മാണ്ഡചിത്രം 'വൃഷഭ'യുടെ ട്രെയിലർ പുറത്ത്. യുദ്ധം മാത്രമല്ല മുണ്ടുമടക്കിയുളള ലാലേട്ടന്‍റെ ഇടിയും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. ഒരു മിനിറ്റ് 47 സെക്കൻ‍ഡ് ദൈര്‍ഘ്യം വരുന്ന ട്രെയ്​ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നന്ദകിഷോറാണ്.

ഫാന്‍റസി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രം  മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് റിലീസിനെത്തുക. വൃഷഭ ചിത്രീകരിച്ചിരിക്കുന്നത് മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തായിരിക്കും ചിത്രം തിയറ്ററിലെത്തുക. ഏകദേശം 200 കോടി ബജറ്റിലാണ് വൃഷഭ ഒരുക്കിയിരിക്കുന്നത്. കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് വൃഷഭ നിര്‍മിച്ചിരിക്കുന്നത്.

രണ്ടുകാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്​ലര്‍ നല്‍കുന്ന സൂചന. രാജാ വിജയേന്ദ്ര വൃഷഭയായും പുതിയകാലഘട്ടത്തിലെ ബിസിനസുകാരനായും മോഹല്‍ലാല്‍ എത്തുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. യുദ്ധം, , രാജഭരണം എന്നിങ്ങനെ പഴയകാലഘട്ടത്തിന്‍റെ കഥപറയുന്ന ചിത്രം നല്ലൊരു വിഷ്വല്‍ ട്രീറ്റാകും എന്നുറപ്പാണ്. മോഹന്‍ലാലിനൊപ്പം കന്നട താരം സമര്‍ജിത് ലങ്കേഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഡിസംബർ 25 ന് ചിത്രം തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

Vrushabha movie trailer is released. This Pan-Indian fantasy action drama starring Mohanlal promises a visual treat with its captivating storyline and stunning visuals.