സൂര്യ നായകനാവുന്ന റെട്രോ റിലീസിന് ഒരുങ്ങുകയാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിനും വന്‍സ്വീകാര്യതയാണ് ലഭിച്ചത്.
എന്നാല്‍ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെ നടിയും സൂര്യയുടെ പങ്കാളിയുമായ ജ്യോതികക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുകയാണ്. റെട്രോ ട്രെയിലറില്‍ നടി ശ്രീയ ശരണിന്‍റെ ഡാന്‍സ് നമ്പറും ഉള്‍പ്പെട്ടിരുന്നു. മുമ്പ് ഐറ്റം ഡാന്‍സിനെതിരായ ജ്യോതികയുടെ പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഡാന്‍സ് കളിക്കാനും നായകനെ പുകഴ്ത്താനുമുള്ള ഉപകരണം മാത്രമായാണ് നടിമാരെ ഉപയോഗിക്കുന്നതെന്നായിരുന്നു ജ്യോതിക മുമ്പ് പറഞ്ഞിരുന്നത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്‍റെ കീഴില്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ ഈ വിമര്‍ശനം ബാധകമല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സൂര്യക്കും ജ്യോതികക്കും പങ്കാളിത്തമുള്ള 2ഡി എന്റര്‍ടെയിന്‍മെന്റ്സാണ് റെട്രോ നിര്‍മിക്കുന്നത്. നിരവധി ട്രോളുകളും താരത്തിനെതിരെ പ്രചരിക്കുന്നുണ്ട്.
അതേസമയം മെയ് ഒന്നിനാണ് റെട്രോ റിലീസ് ചെയ്യുന്നത്. പൂജ ഹെഗ്ഡേ, കരുണാകരന്‍, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും.