Image Credit: instagram.com/jyotika
തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം ലഭിക്കുന്നില്ലെന്ന പഴയ പ്രസ്താവനയില്‍ നടി ജ്യോതികയ്ക്ക് ട്രോള്‍. കഴിഞ്ഞ വര്‍ഷം ഷൈത്താന്‍ സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായത്. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന കുറഞ്ഞ പ്രാധാന്യത്തെ പറ്റിയാണ് ജ്യോതിക സംസാരിച്ചത്.
സിനിമ പോസ്റ്ററുകളില്‍ പോലും നായികമാര്‍ക്ക് തുല്യമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് ജ്യോതിക പറഞ്ഞത്. മമ്മൂട്ടി, അജയ് ദേവ്ഗണ്‍ എന്നിവരുടെ സിനിമകളിലാണ് ഇതിന് വ്യത്യാസമെന്നും ജ്യോതിക പറഞ്ഞു.
'തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സ്ത്രീകള്‍ക്ക് ഇവിടെ പ്രധാന്യം ലഭിക്കുന്നില്ല. പോസ്റ്ററുകളില്‍ പോലും ഈ വ്യത്യാസമുണ്ട്. മമ്മൂട്ടി, അജയ് ദേവ്ഗണ്‍ എന്നിവര്‍ സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്നവരാണ്' എന്നായിരുന്നു ജ്യോതികയുടെ വാക്കുകള്‍.
വിഡിയോ വൈറലായതോടെ തെന്നിന്ത്യന്‍ സിനിമയെ സാമാന്യവല്‍ക്കരിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ജ്യോതികയുടെ തമിഴ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഉയര്‍ത്തികാട്ടി ജ്യോതികയ്ക്ക് ലഭിച്ച പ്രാധാന്യം വിമര്‍ശകര്‍ എടുത്തു കാണിക്കുന്നു. ചന്ദ്രമുഖി സിനിമയിലെ പോസ്റ്റര്‍ ഉയര്‍ത്തികാട്ടിയാണ് വിമര്‍ശനം.
കോളിവുഡിൽ അഭിനയിച്ച് പണമുണ്ടാക്കി. സൂര്യയെ വിവാഹം കഴിച്ചു, സഹപ്രവർത്തകരെ അഭിനന്ദിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ ദക്ഷിണേന്ത്യയെക്കുറിച്ച് മോശമായി താരതമ്യം ചെയ്യരുതെന്നാണ് ഒരു കമന്‍റ്. ഒന്നിച്ച് ജോലി ചെയ്യുന്നവരെ പ്രശംസിക്കാന്‍ ഇന്‍ഡസ്ട്രി ആകെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നാണ് മറ്റൊരു വിമര്‍ശനം.