ജീവിതത്തിലുണ്ടായിരുന്ന പ്രണയബന്ധങ്ങളെ പറ്റി സംസാരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ഒരു നടന്‍ തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന് വൈകിയാണ് താന്‍ അറിഞ്ഞതെന്നും മംമ്ത പറഞ്ഞു. പിന്നീട് മറ്റൊരു ബന്ധമുണ്ടായെങ്കിലും അത് തനിക്ക് പറ്റിയതല്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞുവെന്നും മംമ്ത പറഞ്ഞു. ജോയ് ആലൂക്കാസിന് വേണ്ടി നടത്തിയ അഭിമുഖത്തിൽ നടി സുഹാസിനിയോടാണ് താരം മനസ് തുറന്നത്.
'മലയാളത്തിലെ ഒരു നടന്‍ എന്നെ ഡേറ്റിങിന് ക്ഷണിച്ചു, ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി. അതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു. പിന്നീടൊരു റിലേഷന്‍ഷിപ് ഉണ്ടായി, അത് എന്റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂട, എന്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു. ഓകെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്‌മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു.
അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. കല്യാണത്തിന്റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം, മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹറൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്. ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന്‍ വേണം എന്ന് വാശിപിടിച്ചത് ഞാനാണ്,' മംമ്ത പറഞ്ഞു.