അന്തരിച്ച മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ ഭാര്യ രേണു പുനർവിവാഹിതയായി എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം ഒരു ഫോട്ടോഷൂട്ട് ചിത്രമാണെന്ന് വെളിപ്പെടുത്തി ഒപ്പം അഭിനയിച്ച ഡോക്ടർ മനു ഗോപിനാഥൻ. രേണു സുധി ഇപ്പോൾ പ്രശസ്തയായ ഒരു മോഡലാണെന്നും രേണുവിനൊപ്പം ഫോട്ടോ ഷൂട്ട് ചെയ്താൽ വൈറലാകും എന്നുള്ളതുകൊണ്ടാണ് കാസ്റ്റ് ചെയ്തത് എന്ന് മനു പറയുന്നു. ആദ്യം ഈ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തിരുന്നത് നടിയും അവതാരകയുമായ അനുവിനെ മോഡൽ ആക്കിയായിരുന്നെന്നും അവർ പിന്മാറിയതുകൊണ്ടാണ് രേണു സുധിയെ സമീപിച്ചതെന്നും മനു പറഞ്ഞു.
ആയുർവേദ ഡോക്ടറും സൈക്കോളജി കൺസൾട്ടന്റുമായ ഡോ. മനു നിരവധി പരസ്യ ചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ഞാനും രേണു സുധിയും വിവാഹിതരായി എന്ന തരത്തിൽ പ്രചരിക്കുന്ന ഫോട്ടോ ഒരു ബ്യൂട്ടി ക്ലിനിക്കിന് വേണ്ടി ഞാനും രേണുവും അഭിനയിച്ച പരസ്യചിത്രമാണ്. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. പാർലറിന്റെ പരസ്യം ചെയ്യുമ്പോൾ വിവാഹത്തിന് വേണ്ടിയുള്ള മേക്കപ്പ് ഒക്കെയല്ലേ ചെയ്യാൻ പറ്റൂ, അല്ലാതെ സോഷ്യൽ മീഡിയയിൽ പറയുന്നതുപോലെ ഒരു കണ്ടന്റ് അല്ല അത് , ഞാൻ ഫോട്ടോഷൂട്ടും മോഡലിങും ചെയ്യുന്ന ആളാണ്. മുൻപ് മുഖം പൊള്ളിയ ഒരു സൂസൻ തോമസ് എന്ന കുട്ടിയോടൊപ്പം ചെയ്ത ഫോട്ടോഷൂട്ട് വൈറലായിരുന്നു.’ ഡോ. മനു പറയുന്നു.