TOPICS COVERED

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചു എന്ന പരാതിയുമായി മുന്‍ ഭാര്യ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ബാല കൃത്രിമത്വം കാണിച്ചതെന്നും തന്റെ വ്യാജ ഒപ്പിട്ടുവെന്നുമായിരുന്നു അമൃതയുടെ പരാതി. 

പിന്നാലെ അമൃതയ്‌ക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. 'അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്' എന്ന അര്‍ഥത്തിലുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത. പണം വേണമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അമൃത സുരേഷ് വ്യക്തമാക്കി. 

'ഇൻഷുറൻസ് തുക ഞാൻ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്റ് ഫോർജറി ( വ്യാജ രേഖകൾ) & എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായതാണ്. പണം വേണമെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പിആര്‍ വർക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബർ ആക്രമണം നിർത്തുക' എന്നാണ് അമൃത സുരേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

കഴിഞ്ഞ രണ്ട് ദിവസമായി, സോഷ്യല്‍മീഡിയയില്‍ ഒരേ ഫോട്ടോയും  സമാന ഉള്ളടക്കവുമുള്ള പോസ്റ്റ് പ്രചരിക്കുന്നത് കാണുന്നുണ്ട്. ഇതില്‍ ഞാന്‍ പറയാത്തൊരു പ്രസ്താവനയുമുണ്ട്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് വ്യക്തം. അവര്‍ പറയുന്നത് പോലെ ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കാനുള്ള കേസല്ല ഇത് അമൃത കുറിച്ചു. 'എനിക്കോ മകള്‍ക്കോ തുക ആവശ്യമാണെന്നുള്ള വാദം കെട്ടിച്ചമച്ചതാണ്. ഒരുപോലെയുള്ള വാക്കുകള്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുന്നത് പിആര്‍ ക്യാംപയിന്റെ തെളിവാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും' എന്നും അമൃതയുടെ വിശദീകരണത്തിലുണ്ട്. 

ENGLISH SUMMARY:

Amrutha Suresh alleges that Bala committed forgery in court documents related to their daughter's insurance. She denies demanding money and condemns cyberattacks against her.