ഫൊറൻസിക് സര്‍ജനായിരുന്ന തന്‍റെ ഭാര്യയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടന്‍ ജഗദീഷ്. ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഡോ. രമയെക്കുറിച്ച് ചില കാര്യങ്ങള്‍ ജഗദീഷ് മനോരമ ന്യൂസുമായി പങ്കുവച്ചത്. ജോലിയുടെ കാര്യത്തില്‍ കണിശക്കാരിയായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ അങ്ങനെ ആരോടും തുറന്നുപറയില്ലായിരുന്നു. ഇക്കാര്യത്തില്‍ എന്നെപ്പോലും ഭാര്യയ്ക്ക് വിശ്വാസമില്ലായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്. 

ജഗദീഷ് പറഞ്ഞത്; ‘എല്ലാ കാലത്തും ഭാര്യയുടെ വാക്കുകളെ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. രമയെ സംബന്ധിച്ചിടത്തോളം അവര്‍ മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ഒരുകാലത്തും തയ്യാറായിട്ടില്ല. ഔദ്യോഗിക രഹസ്യങ്ങള്‍ എന്നോടുപോലും പറയാറില്ല. കാരണം ഞാന്‍ ചിലപ്പോള്‍ അത് മറ്റാരോടെങ്കിലും പറഞ്ഞുപോകും. എന്തെങ്കിലും ചോദിച്ചാല്‍ തന്നെ പൊലീസ് റിപ്പോര്‍ട്ട് വാങ്ങി പരിശോധിക്കൂ എന്ന മറുപടി പ്രതീക്ഷിച്ചാല്‍ മതി.

കേരളത്തിലെ റെക്കോര്‍ഡ് പോസ്റ്റ്മോര്‍ട്ടങ്ങള്‍ ചെയ്തിരിക്കുന്നത് എന്‍റെ ഭാര്യയാണ്. ഇരുപതിനായിരത്തിലധികം പോസ്റ്റ്മോര്‍ട്ടങ്ങള്‍ ചെയ്തിട്ടുണ്ട്. പൊലീസുകാരോട് പ്രത്യേക പരിഗണന രമയ്ക്കുണ്ടായിരുന്നു. അത് തിരിച്ചും ഉണ്ടായിട്ടുണ്ട്. ഞാന്‍ എവിടെ ചെന്നാലും ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ എന്‍റെ ഭാര്യയെ കുറിച്ച് പറയും. എല്ലാ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഹൈക്കോടതി ജഡ്ജുമാര്‍ക്കും രമ പോസ്റ്റ്മോര്‍ട്ടം ക്ലാസ്സുകളെടുത്തിട്ടുണ്ട്. ഇതിനിടെ ചില ദുര്‍ബല ഹൃദയരായ പൊലീസുകാര്‍ തലകറങ്ങി വീണ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഒരു കൊലപാതകമോ അപകടമോ എന്തു തന്നെയാണെങ്കിലും പോസ്മോര്‍‌ട്ടം ചെയ്യുന്ന ശരീരത്തോട് അത്തരത്തിലുള്ള വൈകാരികതകള്‍ വച്ചുപുലര്‍ത്തികൊണ്ട് ചെയ്യാനാവില്ല. മൃതശരീരത്തില്‍ കണ്ട കാര്യം അങ്ങനെ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അവിടെ സ്നേഹമോ, വെറുപ്പോ അങ്ങനെയൊന്നും തന്നെയില്ല. മരണ കാരണം എന്താണ് എന്ന് ചൂണ്ടിക്കാണിക്കുന്നു, അത്രമാത്രം. ഒരിക്കല്‍ ഒരു ബാങ്ക് ജോലിക്കാരിയായ സ്ത്രീ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. അവരെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ വയറ്റില്‍ കുഞ്ഞുണ്ടായിരുന്നു. അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മാത്രം രമയുടെ കണ്ണുനിറഞ്ഞതായി കണ്ടിട്ടുണ്ട്.

കൊല്ലപ്പെട്ടവരെ പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളുണ്ട്. ചിലപ്പോള്‍ ആ കേസില്‍ ആയുധം കിട്ടാത്തതിന്‍റെ പേരില്‍ കുറ്റവാളി രക്ഷപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടാകും. നമ്മുടെ നിയമവ്യവസ്ഥ അങ്ങനെയാണ്. അപ്പോള്‍ കൊല ചെയ്യാനുപയോഗിച്ച ആയുധം എന്ന പേരില്‍  വ്യാജ ആയുധം കൊണ്ടുവരുന്ന സാഹചര്യങ്ങളൊക്കെയുണ്ടാകും. പക്ഷേ വികാരങ്ങള്‍ക്ക് അവിടെ സ്ഥാനമില്ലല്ലോ, യഥാര്‍ഥത്തില്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധമാണെങ്കില്‍ മാത്രമേ അത് സമ്മതിക്കാനാകൂ. കുറ്റവാളി കുടുങ്ങട്ടെ എന്നു കരുതി മറ്റൊന്നും ചെയ്യാനാകില്ല എന്നതായിരുന്നു രമയുടെ നിലപാട്’ എന്നും ജഗദീഷ്. 2022ലാണ് ഡോ.രമ മരണപ്പെട്ടത്. 61 വയസ്സായിരുന്നു പ്രായം.

ENGLISH SUMMARY:

Actor Jagadish shares memories of his late wife, who was a forensic surgeon. During the promotional event for his new film Officer on Duty, Jagadish spoke to Manorama News about Dr. Rama. He recalled that she was extremely disciplined when it came to her work and never openly discussed job-related matters with anyone. "She didn’t even trust me when it came to work-related topics," Jagadish said.