ഓപ്പറേഷന്‍ തിയേറ്ററെന്ന് കേള്‍ക്കുമ്പോഴേ ചങ്കിടിപ്പ് കൂടുന്നുണ്ടോ? എന്നാല്‍ സര്‍ജറി ടേബിളില്‍ കിടന്ന് രോഗിയും ഡോക്ടറുമൊന്നിച്ച് പാട്ടുപാടിയാലോ? അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് സര്‍ജറിക്കിടെ രോഗിയും ഡോക്ടറും ചേര്‍ന്ന് പാട്ടുപാടിയതും അത് വൈറലായതും.

കയ്യിലെ എല്ലിന്‍റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ സർജറിക്ക് ഇടയിൽ രോഗിയായ ഗായികയോട് ' ഒരു പാട്ട് പാടുമോ' എന്ന് ചോദിക്കുന്നത്. ഡോക്ടറും കൂടെ പാടാമെങ്കില്‍ ഒരു കൈ നോക്കാമെന്ന് ഉടനടി മറുപടിയും കിട്ടി. പിന്നീടാണ് ആ വൈറല്‍ നിമിഷങ്ങള്‍ പിറന്നത്. സാധാരണയായി ആളുകള്‍ ടെന്‍ഷനടിച്ചിരിക്കുന്ന സ്ഥലത്ത് ഇതാ രോഗിയും ഡോക്ടറും പാട്ടുപാടി റിലാക്സ്ഡായി ഇരിക്കുന്നു. ഓപ്പറേഷൻ തിയറ്ററിൽ കൂടെ ഉണ്ടായിരുന്ന നഴ്സാണ് വിഡിയോ പകര്‍ത്തിയത്. 

വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം വൈറലായി. ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം രീതികൾ വിദേശരാജ്യങ്ങളിൽ ചെയ്യാറുണ്ടെന്നും മ്യൂസിക് തെറപ്പി നൽകി സർജറി നടത്തുമ്പോൾ അനസ്തീസിയ മരുന്നിന്‍റെ അളവ് കുറക്കാമെന്ന് പലരും അല്‍പം നര്‍മം കലര്‍ത്തി കമന്‍റ് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

A heartwarming video of a doctor and his patient singing together during a surgery is going viral on social media. The incident took place on Tuesday at Bharat Hospital in Kottayam, Kerala. During the surgery to fix a hand fracture, Dr. Ganesh Kumar, a renowned orthopedic surgeon in Kottayam, asked the patient, who is a singer, if she would like to sing. The patient immediately agreed, but only if the doctor joined her. A nurse present in the Operating Theatre captured the duo singing together.