ittikkora

ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ സിനിമ ആവുകയാണെങ്കില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് രചയിതാവ് ടി.ഡി.രാമകൃഷ്ണന്‍. മമ്മൂട്ടി അല്ലാതെ മറ്റൊരാളെ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാന്‍ ആകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയായിരുന്നു ടി.ഡി.രാമകൃഷ്ണന്‍റെ പ്രതികരണം. 

'ഇട്ടിക്കോര സിനിമയാക്കാന്‍ ബുദ്ധിമുട്ടുള്ള സബ്ജക്ട് ആണ്. ആക്കിയാല്‍ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ അതില്‍ നായകനായി സങ്കല്‍പ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മൂക്ക. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചു. ആ കാലം മുതല്‍ ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതാണ് പിന്നീട് ഭ്രമയുഗത്തില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതിലേക്ക് എത്തിച്ചത്'. എന്നാണ് ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞത്. 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭ്രമയുഗം സിനിമയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് ടി.ഡി രാമകൃഷ്ണന്‍ ആണ്. അതേസമയം, ഫ്രാന്‍സിസ് ഇട്ടിക്കോര 2009ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ്.കേരളത്തിലെ കുന്നംകുളത്ത് ജനിച്ച് ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ വച്ച് മരിച്ച പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച മലയാളിയായ വ്യാപാരിയായ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെയും അയാളുടെ പാരമ്പര്യം പേറുന്ന പതിനെട്ടാം കൂറ്റുകാര്‍ എന്ന വിഭാഗത്തിന്റെയും കഥയാണ് നോവല്‍ പറയുന്നത്.

ENGLISH SUMMARY:

"If the novel Francis Ittikkora is made into a film, Mammootty would be the lead actor," says the author T.D. Ramakrishnan.