നയന്‍താര– ധനുഷ് വിവാദത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ആര്‍.ജെ.ബാലാജി. സമൂഹത്തിന്‍റെ ചട്ടക്കൂടുകളെ തകര്‍ത്തു പുറത്തുവന്ന വിജയിച്ച സ്ത്രീയാണ് നയന്‍താരയെന്നും അത്തരം സ്ത്രീകളെ പൊതുവേ സമൂഹം ഇഷ്ടപ്പെടാറില്ലെന്നും ബാലാജി പറഞ്ഞു. വിഷയത്തില്‍ നയന്‍താരയുടെ പക്ഷം ചേരുകയല്ലെന്നും എന്നാല്‍ അവര്‍ക്കെതിരായ കമന്‍റുകള്‍ വളരെ മോശമാണെന്നും ബാലാജി പറഞ്ഞു. ഒരു ഫാന്‍മീറ്റില്‍ സംസാരിക്കുന്നിനിടെയായിരുന്നു ബാലാജിയുടെ ഈ നിരീക്ഷണങ്ങള്‍.
ബാജാലിയുടെ വാക്കുകളിലേക്ക്.
'ഒരു പെണ്ണ് ജീവിതത്തില്‍ വിജയിച്ചാലോ അവള്‍ക്ക് അറിവുണ്ടായാലോ അല്ലെങ്കില്‍ ബോള്‍ഡാണെങ്കിലോ നമുക്ക് അത് ഇഷ്ടപ്പെടില്ല. അടുത്തിടെ കേട്ടില്ലേ, ധനുഷ് പത്ത് കോടി ചോദിച്ചു, നയന്‍താരയുടെ കല്യാണ കാസറ്റ് എന്നൊക്കെ. നയന്‍താരയുടെ കല്യാണ കാസറ്റ് നെറ്റ്ഫ്ളിക്സ് അത്രയും തുകക്ക് വാങ്ങിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം വര്‍ഷങ്ങള്‍ നീണ്ട നയന്‍താരയുടെ കഠിനാധ്വനമാണ്. അത് നയന്‍താര ആണെങ്കിലും മറ്റൊരു നടി ആണെങ്കിലും ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന പെണ്ണ് ആണെങ്കിലും നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കൊക്കെ അനുസരിച്ചാണ് അവര്‍ നില്‍ക്കുന്നതെങ്കില്‍ അവര്‍ക്ക് നാം വില നല്‍കും. ഇല്ലെങ്കില്‍ അവരെ അധിക്ഷേപിക്കും.
ഞാനും അങ്ങനെ തന്നെയായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ അങ്ങനെ കമന്‍റടിക്കുമായിരുന്നു. എല്ലാ ചട്ടങ്ങളേയും തകര്‍ത്ത് ചിലര്‍ പുറത്ത് വരും. അങ്ങനെ പുറത്തു വന്ന ഒരാളാണ് നയന്‍താര. ഈ ഡോക്യുമെന്‍ററി വിഷയത്തെ പറ്റി ഒരുപാട് പേര് എന്നോട് അഭിപ്രായം ചോദിച്ചു. ഞാന്‍ നയന്‍താരയുടെ പക്ഷം ചേരുകയല്ല. അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ല. അതുകൊണ്ട് അവര്‍ എനിക്ക് അഞ്ചു കോടി തരുമോ? അതിനുവേണ്ടിയൊന്നും പറയുന്നതല്ല. എന്നാല്‍ ഇത്തരം വാര്‍ത്തകളുടെ അടിയില്‍ വരുന്ന കമന്‍റുകളെല്ലാം വളരെ മോശമാണ്. ഏത് പെണ്ണാണെങ്കിലും ബഹുമാനത്തോടെ പെരുമാറുക,' ബാലാജി പറഞ്ഞു.