കുളിച്ചു കൊണ്ടിരുന്നപ്പോൾ തോന്നിയ ഒരു ആശയം. ആ ആശയമാണ് ആട്ടം എന്ന സിനിമ. ഒരുകൂട്ടം ചെറുപ്പക്കാരുടെ പകർന്നാട്ടത്തിൽ ആ സിനിമ നേടിയത് മൂന്നു ദേശീയ പുരസ്കാരങ്ങൾ.
രാവിലെ മുതൽ കൊച്ചി പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ ആയിരുന്നു സംവിധായകനും സുഹൃത്തുക്കളും. പുരസ്കാരവാർത്ത എത്തിയതോടെ ഫോൺ വിളികളുടെ പ്രവാഹമായി. ആട്ടത്തിന് മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കും ചിത്രസംയോജനത്തിനുള്ള മൂന്ന് അവാർഡുകൾ. സുഹൃത്തുക്കൾ പരസ്പരം വാരിപ്പുണർന്നു.
നാടക സംഘത്തിലെ സുഹൃത്തുക്കൾക്ക് സിനിമയിൽ അവസരം ഒരുക്കാൻ കണ്ടുപിടിച്ചതാണ് ഈ ചിത്രം. കുളിച്ചു കൊണ്ടിരുന്നപ്പോൾ വന്ന ഐഡിയ ആണെന്ന് ആനന്ദ് ചിരിച്ചുകൊണ്ടു പറയുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഒരു വെല്ലുവിളിയായിരുന്നുവെന്ന് സംവിധായകൻ തന്നെ പലവട്ടം സമ്മതിച്ചിട്ടുണ്ട്. എഡിറ്ററായ മഹേഷ് ഭുവനേന്ദ് അത് ഭംഗിയായി നിർവഹിച്ചതിനുള്ള അംഗീകാരമാണ് ദേശീയ പുരസ്കാരം. കാന്താരപ്പോലുളള ചിത്രങ്ങൾക്കൊപ്പം കടുത്ത മത്സരത്തിനോടുവിലാണ് ആട്ടം എന്ന കൊച്ചു ചിത്രം മലയാളത്തിലേക്ക് പുരസ്കാരങ്ങൾ കൊണ്ടുവന്നത്.