Image Credit : Instagram

ഉര്‍വശിയുടെ  പുരസ്കാരനേട്ടത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി.  മികച്ച സഹനടിക്കുളള ദേശീയ പുരസ്കാരം കഴിഞ്ഞ ദിവസമാണ്  ഉര്‍വശി രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങാന്‍ മകള്‍ തേജലക്ഷ്മിക്കൊപ്പമായിരുന്നു ഉര്‍വശി എത്തിയതും. ഇതിനുപിന്നാലെയാണ് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ അമ്മയ്ക്കൊപ്പമുളള ചിത്രവും ഹൃദ്യമായ കുറിപ്പും തേജലക്ഷ്മി പങ്കുവച്ചത്. അമ്മ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നായിരുന്നു തേജലക്ഷ്മിയുടെ കുറിപ്പ്. 

തേജലക്ഷ്മി പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം: 

'എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്ന്, അത്ഭുതകരവും അഭിമാനകരവുമായി നിമിഷം. രണ്ടാം തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അമ്മ ഏറ്റുവാങ്ങുന്നത് കാണാന്‍ കഴിഞ്ഞത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തോന്നി. ആ വേദി സാക്ഷിയാകാനും, അവിടെ ഉണ്ടായിരിക്കാനും കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. അതിനെല്ലാം മുകളിലായി, നമ്മുടെ മലയാള സിനിമയെ പ്രതിനിധീകരിച്ച് ലാലേട്ടന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്  ഏറ്റുവാങ്ങിയത്  അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായി മാറി'– എന്നായിരുന്നു തേജലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നടിയും മോഡലുമാണ് തേജലക്ഷ്മി എന്ന കുഞ്ഞാറ്റ. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ മലയാളസിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം.

ENGLISH SUMMARY:

Urvashi's National Award win is celebrated by her daughter Tejalakshmi with a heartfelt note. Tejalakshmi shared a picture and expressed her pride in witnessing her mother receive the Best Supporting Actress award.