71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരവേദിയിലെ ഫാന്‍ ഗേള്‍ മൊമന്‍റ് പങ്കുവച്ച് ജൂറി അംഗവും ഒഡിയ ചലച്ചിത്രതാരവുമായ പ്രകൃതി മിശ്ര. ദേശീയ പുരസ്കാരദാനച്ചടങ്ങിനിടെ നടന്‍ ഷാരൂഖ് ഖാന് ഹസ്തദാനം നല്‍കിയ അനുഭവമാണ് പ്രകൃതി മിശ്ര പങ്കുവച്ചത്. ഹൃദ്യമായൊരു കുറിപ്പും ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമിലാണ് താരം പോസ്റ്റ് ചെയ്തത്. തന്‍റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഹസ്തദാനത്തിന് ശേഷം താനിതുവരെ കൈകള്‍ കഴുകിയിട്ടില്ലെന്നും പ്രകൃതി മിശ്ര കുറിച്ചു. ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയാണ് പ്രകൃതി മിശ്ര.
പ്രകൃതി മിശ്ര പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
ഷാരൂഖ് ഏറെക്കാലമായി കാത്തിരുന്നതും അര്‍ഹതയുള്ളതുമായ ആദ്യ ദേശീയ അവാര്‍ഡ് ലഭിക്കാന്‍ കാരണക്കാരായ 11പേരില്‍ ഒറാളായി താന്‍ മാറുമെന്ന് '71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ കേന്ദ്ര പാനല്‍ ജൂറിയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ കരുതിയതേയില്ല. ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകുമ്പോള്‍ എനിക്ക് മനസിലാകുന്നത്, ഒരു കാര്യം ഹൃദയംകൊണ്ട് ആഗ്രഹിച്ചാൽ, ആ സ്വപ്നം നേടാൻ ഈ പ്രപഞ്ചം മുഴുവന്‍ അതിനായി ശ്രമിക്കും എന്നാണ്. ഈ വിജയം വ്യക്തിപരമായൊരു സന്തോഷമായി തോന്നുന്നു, കാരണം ഇത് ഓരോ ഇന്ത്യൻ കലാകാരനും സ്വപ്നം കാണാനും, പരിശ്രമിക്കാനും, ജയിക്കാനും പ്രചോദനമാകുന്നു! നന്ദി ഷാരൂഖ് സാബ്—നിങ്ങളുടെ വിനയം, അധ്വാനശക്തി, മനോഹാരിത—ഇവയൊക്കെയിലൂടെ ഞങ്ങളെല്ലാവരെയും പ്രചോദിപ്പിച്ചതിന്. എന്‍റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഹസ്തദാനത്തിന് ശേഷം ഞാനിതുവരെ കൈകള്‍ കഴുകിയിട്ടില്ല. മികച്ച നടനുളള ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍ ഷാരൂഖ് സര്‍, നിങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിച്ച പാനലില്‍ ഉണ്ടായിരിക്കാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിങ്ങള്‍ക്ക് അര്‍ഹമായ കാര്യത്തിനായി പോരാടാനും സാധിച്ചത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു' എന്നും പ്രകൃതി മിശ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം 71ാമത് ദേശീയ ചലച്ചിത്രപുരസ്കാര വേദിയില്‍ മികച്ച നടനുളള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഷാരൂഖ് ഖാന്‍ ഏറ്റുവാങ്ങി. ഷാരൂഖിന്‍റെ സിനിമാജീവിതത്തിലെ ആദ്യത്തെ ദേശീയ പുരസ്കാരം കൂടിയായിരുന്നു അത്. ജവാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം. ഷാരൂഖിനൊപ്പം നടന്‍ വിക്രാന്ത് മാസിയും മികച്ച നടനുളള ദേശീയ പുരസ്കാരം പങ്കിട്ടു. 12th ഫെയില്‍ എന്ന ചിത്രത്തിനാണ് വിക്രാന്ത് മാസിക്ക് പുരസ്കാരം ലഭിച്ചത്. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.