Image Credit : Twitter

ഹനുമാന്‍ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രത്തിന് ശേഷം പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമെത്തുന്നു. മഹാകാളി ദ് എന്‍ഡ് ബിഗിന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫീമെയില്‍ സൂപ്പര്‍ ഹീറോയെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. ഇന്ത്യന്‍ മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ബോളിവുഡ് താരം അക്ഷയ് ഖന്നയാണ്. ചിത്രത്തില്‍ അസുരഗുരുവായ ശുക്രാചാര്യരുടെ വേഷത്തിലാണ് താരം എത്തുന്നത്. ശുക്രാചാര്യരുടെ വേഷത്തില്‍ നില്‍ക്കുന്ന അക്ഷയ് ഖന്നയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സൈബറിടത്ത് വൈറലായിക്കഴിഞ്ഞു. താരത്തിന്‍റെ കരിയറിലെ തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും മഹാകാളിയിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാകാളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രശാന്ത് വര്‍മയും സംവിധാനം പൂജ കൊല്ലൂരുവുമാണ്. ഭൂമി ഷെട്ടിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മഹാകാളിയുടെ ആദ്യ ഗ്ലിംസ് ഓഗസ്റ്റ് 24 ന് പുറത്തിറങ്ങുമെന്ന് അണിയപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗലും ആർകെ ദുഗ്ഗലുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വമ്പൻ കാൻവാസിൽ അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ എന്നിങ്ങനെ ഒരു വമ്പന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുളള ഒന്നാണ് മഹാകാളിയുടെ കഥാപശ്ചാത്തലം. കാളി ദേവിയുമായി വളരെയധികം ബന്ധമുളള ബംഗാളിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഭൂമി ഷെട്ടിയുടെ കാളിയുടെ വേഷത്തിലുളള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ അക്ഷയ് ഖന്നയുടെ ശുക്രാചാര്യ വേഷം കൂടി പുറത്തുവന്നതോടെ ചിത്രത്തിന്‍റെ ആദ്യ ഗ്ലിംസ് വിഡിയോയ്ക്കായി ആകാംക്ഷോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍. 

ENGLISH SUMMARY:

Mahakali The End Begins is an upcoming Indian mythological drama directed by Prashanth Varma, featuring a female superhero and a star-studded cast. This highly anticipated film promises a unique blend of spirituality and contemporary issues, set against the backdrop of Bengali culture and its deep connection to the goddess Kali.