• 'സിംഹാദ്രി കേരളത്തിലും ഷൂട്ട് ചെയ്തിരുന്നു. കേരള നിയമസഭയ്ക്ക് മുന്നിൽ വെച്ച് ജൂനിയർ എൻടിആർ കൈയിൽ മഴുവുമായി ആളുകളെ വെട്ടിവീഴ്ത്തിക്കൊണ്ട് ഓടുന്ന രംഗമൊക്കെയാണ് അന്ന് അവിടെ ഷൂട്ട് ചെയ്തത്. ഇന്നാണെങ്കില്‍ അങ്ങനെ ഒരു പെർമിഷൻ കിട്ടുമോ എന്ന് എനിക്ക് ഒരു ഉറപ്പുമില്ല'- രാജമൗലി

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ എസ്.എസ് രാജമൗലി തന്‍റെ കരിയറിലെ ഏറ്റവും വയലന്റ് ആയ ആക്ഷൻ രംഗം ചിത്രീകരിച്ചതിന്‍റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. തിരുവനന്തപുരത്തെ കേരള നിയമസഭയ്ക്ക് മുന്നിലായിരുന്നു താന്‍ സംവിധാനംചെയ്ത സിനിമകളില്‍വെച്ച് ഏറ്റവും ചോരചിന്തിയ സീന്‍ ഷൂട്ട് ചെയ്തതെന്നാണ് രാജമൗലിയുടെ വെളിപ്പെടുത്തല്‍.

ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയ നിർമിക്കുന്ന പുതിയ ചിത്രമായ ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന ചിത്രത്തിന്‍റെ പ്രമോഷൻ ചടങ്ങിലാണ് രാജമൗലി ഈ പഴയ ഓർമ്മ പങ്കുവെച്ചത്. 

2003ൽ തിയറ്ററുകളെ ഇളക്കിമറിച്ച സിംഹാദ്രി എന്ന സൂപ്പർഹിറ്റ് സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങളാണ് രാജമൗലി പറഞ്ഞത്. ഏകദേശം പത്തുദിവസത്തോളമാണ് ഈ സീനുകൾക്കായി അന്ന് ടീം കേരളത്തിലുണ്ടായിരുന്നത്.

'സിംഹാദ്രി കേരളത്തിലും ഷൂട്ട് ചെയ്തിരുന്നു. കേരള നിയമസഭയ്ക്ക് മുന്നിൽ വെച്ച് ജൂനിയർ എൻടിആർ കൈയിൽ മഴുവുമായി ആളുകളെ വെട്ടിവീഴ്ത്തിക്കൊണ്ട് ഓടുന്ന രംഗമൊക്കെയാണ് അന്ന് അവിടെ ഷൂട്ട് ചെയ്തത്. ഇന്നാണെങ്കില്‍ അങ്ങനെ ഒരു പെർമിഷൻ കിട്ടുമോ എന്ന് എനിക്ക് ഒരു ഉറപ്പുമില്ല'- രാജമൗലി പറഞ്ഞു.

തൊട്ടുപിന്നാലെ കാർത്തികേയ ഇടപെട്ട് സിംഹാദ്രിക്ക് ശേഷം അത്രയും വയലന്‍റായ രംഗങ്ങള്‍ തന്‍റെ പിതാവ് വേറെയൊരു സിനിമയിലും ചെയ്തിട്ടില്ല എന്നും കൂട്ടിച്ചേർത്തു. അത് ശരിയാണെന്ന് രാജമൗലിയും സമ്മതിച്ചു.

സിനിമയിൽ ജൂനിയർ എൻടിആറിന്റെ കഥാപാത്രത്തെ കേരളത്തിലെ ജനങ്ങൾ വിളിക്കുന്ന പേരാണ് 'സിംഗമലൈ'. സത്യത്തിൽ അത് തമിഴ് വാക്കാണെന്നും അന്ന് തെലുങ്ക് ജനങ്ങൾക്ക് തമിഴും മലയാളവും തമ്മിൽ തിരിച്ചറിയാൻ കഴിയില്ലെന്ന ധാരണയിൽ അത് വെറുതെ ഉപയോഗിച്ചതാണെന്നും രാജമൗലി പറഞ്ഞു.

ENGLISH SUMMARY:

SS Rajamouli recently shared his memories of filming the most violent action scene of his career in front of the Kerala Legislative Assembly in Thiruvananthapuram. This revelation came during the promotion event for his son SS Karthikeya's new film, 'Don't Trouble the Trouble,' starring Fahadh Faasil.