Image credit: X/Reign_of_aRebel
തെലുങ്ക് ചിത്രമായ 'ഇട്ലു അര്‍ജുന'യുടെ ടീസര്‍ ലോഞ്ചിനിടെ ഇംഗ്ലിഷിലുള്ള ചോദ്യം പെട്ടെന്ന് മനസിലാവാതെ പൊട്ടിച്ചിരിച്ചുള്ള നടി അനശ്വര രാജന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തെലുങ്ക് കലര്‍ന്ന ഇംഗ്ലിഷിലെ ഉച്ചാരണമാണ് അനശ്വരയെ ചിരിപ്പിച്ചത്. ടീസര്‍ ലോഞ്ചിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനായ ജുച്ചി, നായകനായ അനീഷിനൊപ്പമുള്ള അഭിനയ അനുഭവം എങ്ങനെ എന്ന് ചോദിച്ചു. ഇത് കൃത്യമായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതോടെ താരം ചോദ്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാമോ എന്ന് അന്വേഷിച്ചു.
വിശദീകരിച്ച് നല്‍കുന്നതിനിടെ ഹിസ്ട്രിയോണിക്സ് എന്ന വാക്ക് ജുച്ചി ഉപയോഗിച്ച് കേട്ടതോടെ അനശ്വരയ്ക്ക് ചിരി നിയന്ത്രിക്കാനായില്ല. ഇതോടെ വേദിയിലും ചിരിയായി. നിമിഷ നേരം കൊണ്ട് ഗൗരവം വീണ്ടെടുത്ത് താരം മറുപടി നല്‍കി. റിലീസിന് ശേഷം കാണണമെന്ന് ജുച്ചി വീണ്ടും പറഞ്ഞതോടെ നമുക്ക് എല്ലാവര്‍ക്കും ഇനിയും കാണാമെന്നായിരുന്നു താരത്തിന്‍റെ മറുപടി.
അനശ്വരയുടെ പൊട്ടിച്ചിരി സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. 'അമിത വൈകാരികത' എന്നാണ് ഹിസ്ട്രിയോണിക്സിന്‍റെ അര്‍ഥമെന്നും അത് കേള്‍ക്കുമ്പോള്‍ ഇത്ര പൊട്ടിച്ചിരിക്കാനെന്തിരിക്കുന്നുവെന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നു. അതേസമയം, ഇതത്ര ഗൗരവമാക്കേണ്ട വിഷയമല്ലെന്നും പെട്ടെന്ന് ചിരിച്ച് പോയതാകുമെന്നും ചിലര്‍ കുറിക്കുന്നു.
അതേസമയം, അര്‍ഥരഹിതവും ചോദിച്ച് പഴകിയതുമായി ഇത്തരം ചോദ്യങ്ങളെ താരം അവജ്ഞയോടെ പുച്ഛിച്ചതാകാമെന്ന വാദവും ഉയരുന്നുണ്ട്. നൂറ് ചോദ്യം വേറെ ചോദിക്കാനുള്ളപ്പോള്‍ എന്തിനാണ് ഈ പൊട്ടച്ചോദ്യമെന്നും ഈ ചോദ്യത്തില്‍ 'ഹിസ്ട്രിയോണിക്സി'ന്‍റെ ആവശ്യമെന്തെന്നും ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അനശ്വര ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. അടുത്തമാസം 30നാണ് 'ഇട്ലു അര്‍ജുന' റിലീസാകുക. മഹേഷ് ഉപ്പളയാണ് സംവിധാനം.